‘സെൽ കൾചർ’ പരിശീലനം പൂർത്തിയാക്കി യു.എ.ഇ ബഹിരാകാശയാത്രികർ
text_fieldsദുബൈ: ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ സഹായകമാകുന്ന സുപ്രധാന ‘സെൽ കൾചർ’ പരിശീലനം പൂർത്തിയാക്കി ഇമാറാത്തി ബഹിരാകാശ ശാസ്ത്രജ്ഞർ. കോശങ്ങൾ വളർത്തുന്നതും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയാണ് ഹസ്സ അൽ മൻസൂരി, നൂറ അൽ മത്റൂഷി, മുഹമ്മദ് അൽ മുല്ല എന്നിവർ വിജയകരമായി പൂർത്തിയാക്കിയത്. ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ബയോമെഡിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഇതോടെ ഇവർക്ക് സാധ്യമാകും. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെയും മുഹമ്മദ് ബിൻ റാശിദ് സർവകലാശാലയുടെയും പുതിയ മെഡിക്കൽ ആൻഡ് റിസർച്ച് ബഹിരാകാശസഞ്ചാര പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു ഇത്. രണ്ടാഴ്ചയോളം നീണ്ട പരിശീലനത്തിൽ കോശങ്ങൾ വേർതിരിക്കൽ, ഉരുക്കൽ, മരവിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ പഠിച്ചു. ഭാവി ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ പരിശീലനമെന്നും ബഹിരാകാശത്ത് സമാനമായ പരീക്ഷണങ്ങൾ നടത്തുമെന്നും ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇമാറാത്തി വനിതയായ മെക്കാനിക്കൽ എൻജിനീയർ നൂറ അൽ മത്റൂഷി പറഞ്ഞു.
നിയന്ത്രിത സാഹചര്യങ്ങളിൽ കോശങ്ങളെ വളർത്തുന്ന പ്രക്രിയയാണ് സെൽ കൾചർ. സാധാരണയായി രോഗങ്ങൾ പഠിക്കുന്നതിനും പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിനും ജീവശാസ്ത്രത്തിന്റെ മറ്റ് മേഖലകൾ കണ്ടെത്താനും ഗവേഷണത്തിൽ ഇത് ഉപയോഗിക്കാറുണ്ട്. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതി പ്രയോജനപ്പെടുത്തുന്നതിനായി ഗവേഷകർ പലപ്പോഴും സെൽ കൾച്ചറുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാറുണ്ട്. പുതിയ മരുന്നുകളും മെഡിക്കൽ സാങ്കേതികവിദ്യകളും വികസിപ്പിക്കാനും ഈ ഗവേഷണം ശാസ്ത്രജ്ഞരെ സഹായിക്കും.
2019ൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ഹസ്സ അൽ മൻസൂരി യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായിരുന്നു. പിന്നീട് നിലവിൽ യുവജനകാര്യ മന്ത്രിയായ സുൽത്താൻ അൽ നിയാദി ആറ് മാസത്തെ ദൗത്യം ബഹിരാകാശ നിലയത്തിൽ പൂർത്തിയാക്കി. ഗുരുത്വാകർഷണത്തിന്റെ അഭാവം ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അൽ നിയാദി പഠിച്ചിരുന്നു. നൂറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുല്ലയും ടെക്സസിലെ ഹൂസ്റ്റണിൽ നാസയുടെ രണ്ട് വർഷത്തെ ബഹിരാകാശ സഞ്ചാര പരിശീലന കോഴ്സ് പൂർത്തിയാക്കി ദൗത്യത്തിന് ഒരുങ്ങിനിൽക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.