ലോകകപ്പ് യോഗ്യതക്കായി യു.എ.ഇ- ആസ്ട്രേലിയ പോരാട്ടം
text_fieldsദോഹ: ജൂൺ മാസത്തിൽ ചൂട് കൂടുകയാണ്. തിങ്കളാഴ്ച പകലിൽ ചൂട് 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. രാത്രിയിലും ചൂടിന് കുറവില്ല. എന്നാൽ, അന്തരീക്ഷത്തിലെ ഈ ചൂടിനെയും കടത്തിവെട്ടുന്നതാണ് മൈതാനത്തേക്ക് പകരുന്ന കളിച്ചൂട്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ കൃത്രിമ ശീതീകരണ സംവിധാനങ്ങളിൽ തണുപ്പ് പകരുന്ന രാവിൽ ഇന്ന് കളിക്ക് വീറും വാശിയും കൂടും.
അറേബ്യൻ കരുത്തുമായെത്തുന്ന യു.എ.ഇയും 2006 മുതൽ പതിവുതെറ്റാതെ ലോകകപ്പിന്റെ മുറ്റത്തെ സാന്നിധ്യമായി ആസ്ട്രേലിയയും തമ്മിലാണ് അങ്കം. കനപ്പെട്ട പോരാട്ടത്തിൽ ജയിക്കുന്നവർക്ക്, ജൂൺ 13ന് ഇൻറർകോണ്ടിനെൻറൽ പ്ലേഓഫിലേക്ക് ടിക്കറ്റുറപ്പിക്കാം. അവിടെ കാത്തിരിക്കുന്നത്, തെക്കനമേരിക്കൻ പവർഹൗസുകൾ എന്ന് വിശേഷിപ്പിക്കാവുന്ന പെഡ്രോ ഗല്ലെസിന്റെ പെറുവാണ്. അർജൻറീനയും ബ്രസീലും വരുന്ന മേഖലയിൽനിന്നും അഞ്ചാം സ്ഥാനക്കാരായിരുന്നു പെറു.
യുവത്വവും പരിചയസമ്പത്തും
യുവനിരയും പരിചയസമ്പന്നരും ഉൾപ്പെടുന്ന ടീം നിരയാണ് ഇരുവരുടെയും കരുത്ത്. 107 രാജ്യാന്തര മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രതിരോധ താരം വാലിന് അബ്ബാസ് മുതൽ, യുവതാരം അലി സാലിഹ് ഉൾപ്പെടെയുള്ള യു.എ.ഇ താരനിര ഏത് ടീമിനെയും വെല്ലുവിളിക്കാൻ ശേഷിയുള്ളവരാണ്. ഉസ്ബകിസ്താനിൽ നടക്കുന്ന അണ്ടർ 23 ഏഷ്യാകപ്പ് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ കളിക്കാൻ അർഹനായിട്ടും, ദേശീയ ടീമിനൊപ്പം അനിവാര്യമായതിനാലാണ് അൽ വസ്ലി ക്ലബിന്‍റെ മുന്നേറ്റനിരയിലെ ഗോൾമെഷീനായ 21കാരൻ സാലിഹിനെ യു.എ.ഇ ഖത്തറിലേക്കും കൂടെ കൂട്ടിയത്. പരിചയസമ്പന്നനായ അലി മബ്കൂത്, മധ്യനിരയിൽ മാജിദ് ഹസൻ, ഉമർ അബ്ദുൽ റഹ്മാൻ, അബ്ദുല്ല റഹ്മാൻ എന്നിവരുടെ ടീം മികച്ച ലൈനപ്പാണ് കോച്ചിന് സമ്മാനിക്കുന്നത്.
സ്പാനിഷ് ക്ലബ് റയൽ സൊസിഡാഡിന്റെ ഗോൾകീപ്പർ മാത്യു റ്യാൻ തന്നെയാണ് ഓസീസിന്റെയും വല കാക്കുന്നത്. ടീം നായകനും ഈ 30കാരൻ തന്നെ. ജാമി മക്ലരൻ, മിച്ചൽ ഡ്യുക് എന്നിവരാവും മുൻനിരയിൽ. മാർട്ടിൻ ബോയൽ, അഡിൻ റസ്റ്റിക്, കെന്നി ഡഗൽ എന്നിവരുടെ മധ്യനിര കൂടി ചേരുന്നതോടെ ഓസീസ് കടുകട്ടിയാവും.
5000 ടിക്കറ്റ് യു.എ.ഇക്ക്
അയൽനാട്ടിൽ നടക്കുന്ന നിർണായക മത്സരത്തിൽ ടീമിനെ പിന്തുണക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് യു.എ.ഇ. ദേശീയ ഫുട്ബാൾ ഫെഡറേഷൻ മത്സരത്തിന്റെ 5000 ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്. ഇവ കാണികൾക്ക് സൗജന്യമായി നൽകിയാണ് അവരെ മത്സര വേദിയിലെത്തിക്കുന്നത്.
ഗാലറി നിറയും
നിറഞ്ഞ ഗാലറിയുടെ പിന്തുണയോടെയാണ് ഓസീസും ഇമാറാത്തും ലോകകപ്പിന്റെ വേദികളിലൊന്നിൽ കളത്തിലിറങ്ങുക. കണക്കിലെ കളികളിൽ ഇരു ടീമുകൾക്കുമുണ്ട് വിജയസാധ്യതകൾ. ഫിഫ റാങ്കിങ്ങിൽ ആസ്ട്രേലിയ 42ഉം, യു.എ.ഇ 68ഉം റാങ്കുകാരാണ്.
ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിൽ കാര്യമായ പോയൻറ് വ്യത്യാസത്തിൽ തന്നെയാണ് ഇരു ടീമുകളും മൂന്നാം സ്ഥാനത്തായത്. പരസ്പരം ഏറ്റുമുട്ടിയ ആറു മത്സരങ്ങളിൽ മൂന്ന് ജയം ആസ്ട്രേലിയക്കായിരുന്നു. രണ്ട് കളി സമനിലയായി. ഏറ്റവും ഒടുവിൽ 2019 ഏഷ്യാകപ്പിൽ കളിച്ചപ്പോൾ യു.എ.ഇയും ജയിച്ചു.
കടലാസിലെ റെക്കോഡിൽ മാറിയും മറിഞ്ഞുമിരിക്കുമ്പോഴും ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിന്റെ മണ്ണിൽ ഇരുടീമിനും അഭിമാന പോരാട്ടമാണിത്. അതുകൊണ്ട് തന്നെ തങ്ങളുടെ ടീമിന് നിറഞ്ഞ പിന്തുണയുമായി ഗാലറിയുമുണ്ടാവും. അയൽനാടായ ഖത്തറിൽ വിശ്വമേളക്ക് പന്തുരുളുമ്പോൾ എന്ത് വിലകൊടുത്തും തങ്ങളുടെ ടീമും ഉണ്ടായിരിക്കണമെന്ന വാശിയിലാണ് എമിറേറ്റ്സുകാർ.
അതുകൊണ്ടുതന്നെ ഇന്ന് ദുബൈയിൽ നിന്നും അബൂദബിയിൽനിന്നും ദോഹയിലേക്ക് ആകാശവും റോഡുമാർഗവുമായി കാണികളൊഴുകും. 5000 മാച്ച് ടിക്കറ്റുകളാണ് യു.എ.ഇ ഫുട്ബാൾ ഫെഡറേഷൻ തങ്ങളുടെ ആരാധകർക്കായി വാങ്ങിയത്. കളത്തിൽ എതിരാളികളെ സമ്മർദത്തിലാക്കാൻ തങ്ങളുടെ പോരാളികൾക്ക് ആവേശവുമായി അവർ ഗാലറി നിറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.