യു.എ.ഇ-ബഹ്‌റൈൻ സംയുക്ത നാനോ സാറ്റ്ലൈറ്റ് ഭ്രമണപഥത്തിലെത്തി
text_fieldsദുബൈ: യു.എ.ഇ-ബഹ്‌റൈൻ സംയുക്ത നാനോ സാറ്റ്ലൈറ്റ് വ്യാഴാഴ്ച ഭ്രമണപഥത്തിലെത്തി. ലൈറ്റ്-1 എന്നുപേരിട്ട ഉപഗ്രഹം ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ജാപ്പനീസ് പേടകം ഭ്രമണപഥത്തിൽ വിട്ടത്.
ടെറസ്ട്രിയൽ ഗാമാ റേ ഫ്ലാഷുകൾ എന്നറിയപ്പെടുന്ന ഇടിമിന്നലിലെ മുകളിലെ വികിരണത്തെ കുറിച്ച് പഠിക്കലാണ് സാറ്റ്ലൈറ്റിന്റെ വിക്ഷേപണലക്ഷ്യം.
വിമാന യാത്രക്കാരെ അപകടത്തിലാക്കുന്ന ഘടകങ്ങൾ ഈ കണങ്ങളിൽ നാസ മുമ്പ് കണ്ടെത്തിയിരുന്നു.
ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 സി.ആർ.എസ്-24ൽനിന്നാണ് നാനോ സാറ്റ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തത്.
യു.എ.ഇ ബഹിരാകാശ ഏജൻസിയും ബഹ്‌റൈനിലെ നാഷനൽ സ്‌പേസ് സയൻസ് ഏജൻസിയും സഹകരിച്ചാണ് സാറ്റ്ലൈറ്റ് നിർമിച്ചത്.
ലൈറ്റ്-1 ഒരു നാനോ സാറ്റ്ലൈറ്റാണെങ്കിലും നിർമാണത്തിനും വിക്ഷേപിക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ മറ്റ് വലിയ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യാസമില്ല.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൈറ്റ്-1 എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.
ബഹ്റൈനിന്റെ വളർച്ചയെയും ശാസ്ത്ര പുരോഗതിയെയും പ്രതീകവത്കരിക്കുന്ന സംരംഭം എന്ന നിലയിലാണ് ഈ പേര് സ്വീകരിച്ചത്. യു.എ.ഇയിലെ ലാബുകളിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ, ഇമാറാത്തി എൻജിനീയർമാരും ശാസ്ത്രജ്ഞരും ചേർന്നാണ് പേടകം വികസിപ്പിച്ചത്. ഖലീഫ യൂനിവേഴ്‌സിറ്റി, അബൂദബി ന്യൂയോർക് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പത് ബഹ്‌റൈനികളും 14 ഇമാറാത്തികളും ഉൾപ്പെടെ 23 വിദ്യാർഥികളും നിർമാണത്തിൽ ഭാഗഭാക്കായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.