താലിബാന്‍റെ പഠനവിലക്ക്: 100 പെൺകുട്ടികളുടെ വിദ്യഭ്യാസം ഏറ്റെടുക്കാമെന്ന് ദുബൈ വ്യവസായി
text_fieldsദുബൈ: 100 അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യഭ്യാസം പൂർത്തീകരിക്കാൻ എല്ലാ സാഹചര്യവും ഒരുക്കാൻ സന്നദ്ധനാണെന്ന് ദുബൈയിലെ പ്രമുഖ വ്യവസായി ഖലഫ് അഹ്മദ് അൽ ഹബ്തൂർ. താലിബാൻ സർക്കാർ അഫ്ഗാൻ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.
ഉത്തരവാദപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ച് കുട്ടികളെ ദുബൈ സർവകലാശാലകളിൽ പഠനം പൂർത്തികരിക്കാൻ സഹായം ചെയ്യാമെന്ന് സാമൂഹിക മാധ്യമങ്ങൾ വഴിയാണ് അറിയിച്ചത്. ഹബ്തൂർ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഇദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനാണ്. താലിബാന്‍റെ തീരുമാനം ദൗർഭാഗ്യകരമാണെന്നും ദുഃഖകരമാണെന്നും ട്വീറ്റിൽ ഖലഫ് ഹബ്തൂർ പറഞ്ഞു.
രാഷ്ട്രീയ നിലപാടുകളോട് അകലം പാലിച്ചുകൊണ്ടാണ് സഹായം ചെയ്യാനുള്ള തന്‍റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, യോഗ്യരായ വിദ്യാർഥിനികളെ തെരഞ്ഞെടുക്കുന്നതിന്‍റെ പ്രക്രിയ സംബന്ധിച്ച് വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് സർവകലാശാലകളിൽ പെൺകുട്ടികൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയത്. തിരുമാനത്തെ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് അപലപിച്ചിരുന്നു. അഫ്ഗാൻ സ്ത്രീകളെ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് വിലക്കുന്ന താലിബാന്‍റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി യു.എന്നിലെ യു.എ.ഇ സ്ഥിരം പ്രതിനിധിയും രാഷ്ട്രീയകാര്യ സഹമന്ത്രിയുമായ ലന നുസൈബയും പ്രസ്താവിച്ചിരുന്നു.
ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന അൽ ഹബ്തൂർ ദുബൈയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ്. 2013ൽ ആരംഭിച്ച ഖലഫ് അഹമ്മദ് അൽ ഹബ്തൂർ ഫൗണ്ടേഷനിലൂടെ നിരവധി ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പ് പണം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.