തടവുകാരെ സഹായിക്കാൻ 10 ലക്ഷം സംഭാവന ചെയ്ത് വ്യവസായി
text_fieldsഅജ്മാന്: റമദാന് മുന്നോടിയായി 900 തടവുകാര്‍ക്ക് സഹായഹസ്തവുമായി യു.എ.ഇയിലെ ഇന്ത്യൻ വ്യവസായി ഫിറോസ് മര്‍ച്ചന്റ്. യു.എ.ഇയിലുടനീളമുള്ള ജയിലുകളിലുള്ളവരുടെ ക്ഷേമം ലക്ഷ്യംവെച്ചുള്ള സംരംഭത്തിനായി 10 ലക്ഷം ദിർഹമാണ് അദ്ദേഹം സംഭാവന നൽകിയത്. തടവുകാരുടെ മോചനം ഉറപ്പാക്കാനും വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി അവരെ കുടുംബങ്ങളുമായി ഒന്നിപ്പിക്കാനും സഹായിക്കുംവിധം പിഴ ഒഴിവാക്കാന്‍ ഈ തുക ഉപയോഗപ്പെടുത്തും. പ്യുവർ ഗോൾഡ് ഉടമയായ മർച്ചൻറ് 2008ൽ ആരംഭിച്ച ‘ദി ഫോർഗോട്ട് സൊസൈറ്റി’ പദ്ധതിയിലും ഭാഗവാക്കായിരുന്നു.
യു.എ.ഇയിലെ സെൻട്രൽ ജയിലുകളിലെ തടവുകാരുടെ ക്ഷേമത്തിനും 20,000ത്തിലധികം ആളുകളുടെ മോചനത്തിനുമായി അദ്ദേഹം ഇതുവരെ 2.5 കോടി ദിർഹം സംഭാവന ചെയ്തിട്ടുണ്ട്. തടവുകാരുടെ കടങ്ങളും പിഴയും അടക്കുക, അവരുടെ രാജ്യങ്ങളിലേക്ക് തിരികെ പോകാൻ സഹായിക്കുന്നതിന് വിമാന ടിക്കറ്റുകൾ നൽകുക എന്നിവക്കാണ് സംഭാവന ഉപയോഗപ്പെടുത്തുക.
ഈ ശ്രമങ്ങളിൽ ഫിറോസ് മർച്ചന്റിനൊപ്പം പ്രവർത്തിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും നിരവധി വ്യക്തികൾക്ക് അവരുടെ കുടുംബത്തോടൊപ്പം ജീവിതം പുനരാരംഭിക്കാൻ അവസരം ഒരുക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും അജ്മാന് പൊലീസ് ശിക്ഷാ, തിരുത്തൽ വിഭാഗം ജനറൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് യൂസഫ് അൽ മത്റൂഷി പറഞ്ഞു. ഈ വർഷം 3000 തടവുകാരെ മോചിപ്പിക്കാൻ ലക്ഷ്യമിടുന്നതായി ഫിറോസ് മർച്ചൻറ് വ്യക്തമാക്കി. തടവുകാരെ മോചിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ നൽകിയ പിന്തുണക്ക് നന്ദിയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.