സുഡാനിൽ പട്ടിണി ഒഴിവാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് യു.എ.ഇ
text_fieldsദുബൈ: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ പട്ടിണി ഒഴിവാക്കാനും വെടിനിർത്തലിനും അടിയന്തര നടപടി വേണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിലേക്ക് അയച്ച കത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വെടിനിർത്തലിനും സിവിലിയൻ ഗവൺമെന്റിനെ പുനഃസ്ഥാപിക്കാനും വേണ്ടിയുള്ള എല്ലാ സംരംഭങ്ങൾക്കും പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. യുദ്ധം ചെയ്യുന്ന കക്ഷികൾ ജിദ്ദ ചർച്ചയിൽ പങ്കെടുക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ യുഗാണ്ടയും പ്രധാന ആഫ്രിക്കൻ യൂനിയൻ ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. യുദ്ധം ചെയ്യുന്ന ഒരു കക്ഷിക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും വിതരണം ചെയ്തതായി ഉയർന്ന തെറ്റായ ആരോപണങ്ങൾ യു.എ.ഇ തള്ളിക്കളഞ്ഞിരുന്നു. സംഘർഷം ആരംഭിച്ചതിനുശേഷം യുദ്ധം ചെയ്യുന്ന ഒരു കക്ഷിക്കും യു.എ.ഇ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളോ അനുബന്ധ സാമഗ്രികളോ നൽകിയിട്ടില്ലെന്നും എന്നാൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സുഡാന് സൈനിക സഹായം നൽകിയിട്ടുണ്ടെന്നുമാണ് വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച പ്രധാന പങ്കാളികളും യു.എൻ ഏജൻസികളും മുഖേന സുഡാന് മാനുഷിക സഹായമായി 7 കോടി ഡോളർകൂടി യു.എ.ഇ അനുവദിച്ചിരുന്നു. 2023 ഏപ്രിലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ സുഡാന് സഹായമെത്തിക്കുന്ന യു.എ.ഇ, ജീവകാരുണ്യ സഹായമായി ഇതിനകം 13 കോടി ഡോളർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.