സാങ്കേതിക തകരാർ; അഞ്ചുമാസത്തിനിടെ തിരികെവിളിച്ചത് 34,000 കാറുകൾ
text_fieldsദുബൈ: വിവിധ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു മാസത്തിനിടെ യു.എ.ഇയിൽ പ്രമുഖ കമ്പനികൾ തിരികെ വിളിച്ചത് 34,836 കാറുകൾ. ലോകോത്തര കാർ നിർമാതാക്കളായ മെഴ്സിഡൻസ് ബെൻസ്, ജി.എം.സി, ഫോർഡ്, ജീപ്പ്, കിയ, മസ്ദ, ബെന്റ്ലി, ഡോഡ്ജ്, ലാൻഡ് റോവർ എന്നീ ഒമ്പതു കമ്പനികളാണ് തങ്ങളുടെ വിവിധ മോഡലുകൾ തിരികെ വിളിച്ചത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം അധികം കാറുകളാണ് ഈ വർഷം തിരികെ വിളിച്ചത്. ഏറ്റവും കൂടുതൽ കാറുകൾ തിരികെ വിളിച്ചത് ഫെബ്രുവരിയിലായിരുന്നു. 17791 കാറുകൾ.
ഇത്തവണ അമേരിക്കൻ കമ്പനിയായ ഫോർഡാണ് ഏറ്റവും കൂടുതൽ കാറുകൾ തിരികെ വിളിച്ചത്. 17,603 കാറുകൾ. മെഴ്സിഡസ് 14,013, ജീപ്പ് 1,772, ജി.എം.എസി/കാർഡിലാക് 309, ഡോഡ്ജ് 184, ലിങ്കൻ 133, ഇസൂസു 110, കിയ 92, ലാൻഡ് റോവർ 85, മസ്ദ 49, ബെന്റ്ലി 36 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ കണക്ക്.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ നിർമാണ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം കാറുകൾ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് 27 നോട്ടീസുകളാണ് കമ്പനികൾക്ക് നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 59,000 കാറുകൾ തിരികെ വിളിക്കാനായി 65 തിരികെ വിളിക്കൽ നോട്ടീസുകൾ സാമ്പത്തിക മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
വിൻഡ്സ്ക്രീൻ വൈപ്പർ മോട്ടോർ, ഡോറുകൾ, എയർബാഗ്സ്, റിയർ വ്യൂ കാമറ, കാർ ബീമുകളിലുടനീളമുള്ള കോളം ബ്രാക്കറ്റും സ്റ്റിയറിങ്ങും തമ്മിൽ ബന്ധിപ്പിക്കുന്ന വെൽഡിങ്ങിലെ തകരാറുകൾ എന്നീ നിർമാണ തകരാറുകളാണ് പ്രധാനമായും പരിശോധനയിൽ കണ്ടെത്തിയത്.
വാഹനത്തിന്റെ പ്രവർത്തനക്ഷമതയെ കാര്യമായി ബാധിക്കുന്ന തകരാറുകളാണിതെന്നും അടിയന്തരമായി പരിഹരിക്കണമെന്നുമാണ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് തകരാർ കണ്ടെത്തിയ കാറുടമകളെ ഡീലർമാർ ബന്ധപ്പെടുകയും ഇവ ഷോറൂമുകളിൽ എത്തിച്ച് സൗജന്യമായി തകരാർ പരിഹരിച്ച് നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.