രാഷ്ട്രീയക്കാരുമായി പണമിടപാടിൽ ശ്രദ്ധ വേണമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക്
text_fieldsഅബൂദബി: രാഷ്ട്രീയക്കാരുമായുള്ള പണമിടപാടിന് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി യു.എ.ഇ സെൻട്രൽ ബാങ്ക്.
രാഷ്ട്രീയ നേതാക്കളും അവരുടെ അടുപ്പക്കാരുമാണ് ഇടപാടുകാരെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് യു.എ.ഇയിലെ ധനകാര്യ സ്ഥാപനങ്ങൾക്കാണ് സെൻട്രൽ ബാങ്ക് നിർദേശം നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന് നടപ്പാക്കുന്ന കരുതൽ നടപടികളുടെ ഭാഗമായാണ് രാഷ്ട്രീയക്കാർ, അവരുടെ അടുത്തബന്ധുക്കൾ, രാഷ്ട്രീയക്കാരുടെ സഹപ്രവർത്തകർ എന്നിവരുമായുള്ള ഇടപാടുകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ സെൻട്രൽബാങ്ക് ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചത്. യു.എ.ഇയിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന മുഴുവൻ ധനകാര്യ സ്ഥാപനങ്ങളും അനധികൃത പണമിടപാടുകൾ തടയാനുള്ള നിർദേശങ്ങൾ പാലിച്ചിരിക്കണം.
രാഷ്ട്രീയക്കാർക്കും ബന്ധുക്കൾക്കും പണമയക്കുമ്പോൾ മുതൽ അവരുടെ നിക്ഷേപം സ്വീകരിക്കുന്നത് വരെയുള്ള, ഇടപാട് നടത്തുമ്പോൾ സംഭവിക്കാവുന്ന അപകടസാധ്യതകളെക്കുറിച്ച് ധനകാര്യ സ്ഥാപനങ്ങൾ പ്രത്യേക പഠനം നടത്തിയിരിക്കണം.
ഉപഭോക്താക്കളാക്കുന്നതിന് മുമ്പേ ഇത്തരം വ്യക്തിത്വങ്ങളെ തിരിച്ചറിയാൻ ശ്രദ്ധിക്കണം. ഇവരുമായി ബിസിനസ് ബന്ധം ആരംഭിക്കുന്നതിനുമുമ്പും ശേഷവും ഇവരുടെ ഇടപാടുകൾ നിരീക്ഷിക്കണം.
സംശയകരമായ മുഴുവൻ ഇടപാടുകളും ധനകാര്യ ഇന്റലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് ചെയ്യണമെന്നും സെൻട്രൽ ബാങ്ക് നിർദേശിക്കുന്നു. 'goAML'എന്ന പോർട്ടൽ വഴിയാണ് ഇടപാടുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവ തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് സെൻട്രൽബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.