വ്യാജരേഖ, വഞ്ചന: സ്വദേശിക്കും ഭാര്യക്കും 66 വർഷം തടവും 3.9 കോടി ദിർഹം പിഴയും
text_fieldsഅബൂദബി: പൊതുമുതൽ നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ, കൈക്കൂലി, വാണിജ്യ തട്ടിപ്പ്, പൊതുസൗകര്യം തടസ്സപ്പെടുത്തൽ എന്നിങ്ങനെ 12 കുറ്റങ്ങൾ തെളിയിക്കപ്പെട്ട കേസിൽ യു.എ.ഇ പൗരനും ഭാര്യയും 16 മറ്റു പ്രതികളും ഉൾപ്പെടെയുള്ളവർക്ക് കടുത്ത ശിക്ഷ. അബൂദബി പരമോന്നത കോടതി സ്വദേശിക്കും ഭാര്യക്കും 66 വർഷം തടവും 3.9 കോടി ദിർഹം പിഴയുമാണ് ചുമത്തിയത്. വിവിധ രാജ്യക്കാരായ മറ്റു പ്രതികൾക്ക് മൂന്നുമുതൽ 15വർഷം വരെ തടവാണ് ലഭിച്ചിട്ടുള്ളത്. ഇവർക്ക് ആകെ 1.3 കോടി ദിർഹം പിഴയും ചുമത്തി.
സ്വകാര്യ വെയർഹൗസുകൾ സ്ഥാപിച്ച് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മറ്റു ഉപഭോക്തൃ വസ്തുക്കളും സൂക്ഷിച്ചുവെച്ച്, ഉപയോഗിക്കാവുന്ന അവസാന തീയതി തിരുത്തി വിൽപന നടത്തിയതായാണ് കണ്ടെത്തിയത്. പ്രതികൾ ഉൽപന്നങ്ങളുടെ പ്രത്യേകതകളും കാലഹരണപ്പെടുന്ന തീയതിയും തിരുത്തിയതായി കണ്ടെത്തി. അതോടാപ്പം ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാകുന്ന രീതിയിൽ ജൈവഭക്ഷ്യ ഉൽപന്നങ്ങളിൽ അടക്കം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. മായം കലർത്തിയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളോട് വാങ്ങാനായി പ്രേരിപ്പിക്കുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.
സർക്കാർ അധികാരികളുമായി ഇടപെടാൻ കഴിയുമെന്ന് അവകാശപ്പെട്ട് പകരമായി സമ്മാനങ്ങൾ ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തു, മീറ്റർ സ്ഥാപിക്കാതെ ചട്ടങ്ങൾ ലംഘിച്ച് ഫാമിലേക്ക് വെള്ളം എത്തിക്കുന്നതിന് പൈപ്പ് സ്ഥാപിച്ചു, ജലവിതരണ അതോറിറ്റിയുടെ പൈപ്പുകൾ നശിപ്പിച്ചു, ജലത്തിന്റെ ഒഴുക്ക് കുറക്കുകയും പൊതുസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു, അംഗീകൃതമല്ലാത്ത രീതിയിൽ വൈദ്യുതി കണക്ഷനുകൾ സ്ഥാപിച്ചു, ഇതിനെല്ലാം കൈക്കൂലി നൽകി എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളും തെളിയിക്കപ്പെട്ടു. രണ്ടു ഫാമുകൾ യോജിപ്പിച്ച് വാഹനയാത്രക്ക് തടസ്സമുണ്ടാക്കാനും പൊതുസ്ഥലം കൈക്കലാക്കാനും പ്രതികൾ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യാനായി വ്യാജരേഖ ചമക്കുകയും ചെയ്തിട്ടുണ്ട്.
കീഴ് കോടതി നേരത്തെ വിധിപറഞ്ഞ കേസിൽ അപ്പീലിലാണ് പരമോന്നത കോടതി ശിക്ഷ ശരിവെച്ചത്. വിവിധ ഡിപ്പാർട്മെന്റുകൾ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്. പരമോന്നത കോടതി വിധി വന്നതോടെ പ്രതികൾ ശിക്ഷ അനുഭവിക്കുകയല്ലാതെ മാർഗമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.