സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തെ യു.എ.ഇ അപലപിച്ചു
text_fieldsദുബൈ: സ്വീഡനിലെ സ്റ്റോക്ഹോം തുർക്കിയ എംബസിക്ക് മുന്നിൽ തീവ്ര വലതുപക്ഷക്കാരൻ ഖുർആന്റെ പകർപ്പ് കത്തിച്ച സംഭവത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. മാനുഷികവും ധാർമികവുമായ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളെയും യു.എ.ഇ തള്ളിക്കളയുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിദ്വേഷ പ്രസംഗവും അക്രമവും ഉപേക്ഷിക്കണമെന്നും മതചിഹ്നങ്ങളെ ബഹുമാനിക്കുകയും മതങ്ങളെ അവഹേളിച്ച് വിദ്വേഷം വളർത്തുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സംഭവത്തിൽ സൗദി അറേബ്യ, മുസ്ലിം വേൾഡ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൗൺസിൽ എന്നിവ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു ദുഷ്കൃത്യത്തിന് തീവ്രപക്ഷക്കാരനെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയെ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഖുർആന്റെ പകർപ്പ് കത്തിക്കാൻ സ്വീഡിഷ് അധികാരികൾ തീവ്രപക്ഷക്കാരനെ അനുവദിച്ചത് അപലപനീയമാണെന്ന് ജി.സി.സി കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫ് പറഞ്ഞു.
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ ആളിക്കത്തിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതാണിത്. സംവാദം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം, വിദ്വേഷവും തീവ്രവാദവും തള്ളിക്കളയുക തുടങ്ങിയ മൂല്യങ്ങൾ പ്രചരിപ്പിക്കണമെന്നതാണ് ജി.സി.സിയുടെ ഉറച്ച നിലപാട്. ഇത്തരം അസ്വീകാര്യമായ പ്രവൃത്തികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.