ഐ.പി.എൽ മാതൃകയിൽ യു.എ.ഇ ക്രിക്കറ്റ് ലീഗ് ജനുവരിയിൽ
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) മാതൃകയിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ഇന്‍റർനാഷനൽ ടി20 ലീഗിന്‍റെ (ഐ.എൽ.ടി 20) ആദ്യ എഡിഷൻ ജനുവരി ആറു മുതൽ ഫെബ്രുവരി 12 വരെ നടക്കും.
ഈ വർഷം നടത്താനായിരുന്നു പദ്ധതിയെങ്കിലും രാജ്യാന്തര താരങ്ങൾ പങ്കെടുക്കേണ്ടതിനാൽ അടുത്ത വർഷം ജനുവരിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഐ.പി.എൽ മോഡലിൽ ഇന്ത്യയിൽനിന്നടക്കം ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ആറു ടീമുകളാണ് പങ്കെടുക്കുക. 34 മത്സരമുണ്ടാകും. ഓരോ ടീമും രണ്ടു തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഷെഡ്യൂൾ. നാല് േപ്ലഓഫ് മത്സരവുമുണ്ടാകും.
ഇന്ത്യക്കും ഏറെ പ്രാധാന്യമുള്ള ലീഗാണിത്. പങ്കെടുക്കുന്ന ആറു ടീമുകളിൽ അഞ്ചും സ്വന്തമാക്കിയത് ഇന്ത്യൻ ഫ്രാഞ്ചൈസികളാണ്.
ഷാറൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപിറ്റൽസിന്‍റെ ഉടമകളായ ജി.എം.ആർ ഗ്രൂപ്, മുംബൈ ഇന്ത്യൻസിന്‍റെ ഉടമകളായ റിലയൻസ്, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാപ്രി ഗ്ലോബൽ, അദാനി ഗ്രൂപ്പിന്‍റെ അദാനി സ്പോർട്സ് ലൈൻ എന്നിവയാണ് ഇന്ത്യൻ ഫ്രാഞ്ചൈസികൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ ടീമിന്‍റെ ഉടമകളായ ലാൻസർ കാപിറ്റലാണ് ഇന്ത്യയിൽനിന്നല്ലാത്ത ഏക ഫ്രാഞ്ചൈസി. വൈകാതെ ടൂർണമെന്‍റിലേക്ക് താരങ്ങളെ ഏറ്റെടുക്കുന്നത് ആരംഭിക്കും. ഐ.പി.എല്ലിൽനിന്നുള്ള താരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ടീമിന് അബൂദബി നൈറ്റ് റൈഡേഴ്സ് എന്നാണ് പേരിട്ടത്. ലോകത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിക്കുന്നതായിരിക്കും ഐ.എൽ.ടി 20 എന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാനും യു.എ.ഇ സാംസ്കാരിക, യുവജന, സാമൂഹിക വികസന, സഹിഷ്ണുത മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.