ഇമാറാത്തി വനിത ദിനം ആഘോഷിച്ച് യു.എ.ഇ
text_fieldsദുബൈ: രാജ്യവ്യാപകമായി ഇമാറാത്തി വനിത ദിനം സമുചിതമായി ആഘോഷിച്ച് യു.എ.ഇ. വിവിധ മന്ത്രാലയങ്ങൾ, ഓഫിസുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളെ ആദരിക്കുന്നതിനായി വനിത ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ‘ഞങ്ങൾ ഒരുമിക്കുന്നു നല്ല നാളേക്കായി’ എന്നതായിരുന്നു ഇത്തവണത്തെ വനിത ദിന പ്രമേയം. സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് രാജ്യത്തിന്റെ പ്രയാണം കൂടുതൽ സമ്പന്നമായതായി വനിത ദിന സന്ദേശത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
ഇമാറാത്തിന്റെ ഉമ്മമാരേ എന്ന് വിളിച്ചുകൊണ്ടാണ് പ്രസിഡന്റ് സ്ത്രീകളെ അഭിസംബോധന ചെയ്തത്. ‘എന്റെ സഹോദരിമാരെ, എന്റെ മക്കളുടെ ഉമ്മമാരെ, സായിദിന്റെ സഹോദരിമാരെ, ഇമാറാത്തി വനിതകളേ നമ്മുടെ നാടിന്റെ വളർച്ചയുടെ നാഴികക്കല്ലുകളിൽ നിങ്ങളുടെ സംഭാവനകൾ എന്നും പ്രതിധ്വനിക്കും. മുന്നേറ്റ പാതയിലെ താരകങ്ങളേ, ഔദാര്യതയുടെ വിളക്കു മാടങ്ങളേ നിങ്ങൾ ഞങ്ങളുടെ രാജ്യത്തെ പ്രകാശപൂരിതമാക്കി.
രാജ്യത്തിന്റെ വളർച്ചയിൽ നിങ്ങളുടെ പങ്ക് നിസ്തുലമാണ്, നിങ്ങളുടെ അഭിലാഷങ്ങൾ ഉന്നതമാണ്. സന്തോഷവും ആഹ്ലാദവും നിറഞ്ഞ ഇമാറാത്തി വനിത ദിനം ആശംസിക്കുന്നു’- ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. 2022ൽ യു.എന്നിന്റെ ലിംഗ സമത്വ സൂചികയിൽ ആഗോള തലത്തിൽ 11ാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാമതുമാണ് യു.എ.ഇ. മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ മേഖലകളിലും മൂന്നാം തവണയാണ് പട്ടികയിൽ യു.എ.ഇ ഒന്നാമതെത്തുന്നത്.
സുസ്ഥിര ഭാവിയിൽ വനിതകളുടെ പങ്ക് നിർണായകം -സാറ അൽ മെഹ്രി
ദുബൈ: വരും തലമുറക്കായി സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിൽ രാജ്യം നടത്തുന്ന പ്രയത്നങ്ങളിൽ വനിതകളുടെ പങ്ക് നിർണായകമാണെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മെഹ്രി പറഞ്ഞു. ഇമാറാത്തി വനിതകളുടെ അഭിലാഷങ്ങളുടെയും ആഗ്രഹങ്ങളുടെയും പരിധി ഉയർത്തുന്നതിനും കുടുംബത്തിലും സമൂഹത്തിനിടയിലും അവരുടെ സജീവമായ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനും ആദ്യ പടിയാണ് ശൈഖ ഫാത്തിമ ബിൻത് പ്രഖ്യാപിച്ച ദേശീയ വനിത ശാക്തീകരണ നയമെന്നും അൽ മെഹ്രി പറഞ്ഞു. രാജ്യം സുസ്ഥിരത വർഷം ആചരിക്കുന്ന വേളയിലും കോപ്28ന് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന വർഷം തന്നെ ഇമാറാത്തി വനിത ദിനം ആചരിക്കാനുള്ള തീരുമാനം യാദൃച്ഛികമായി. കോപ്28 ഉച്ചകോടിയിൽ പ്രധാന ചുമതലകളിൽ സ്ത്രീകളാണ്.
അതോടൊപ്പം ഉച്ചകോടിയുടെ മാനേജ്മെന്റ് ടീമിന്റെ മൂന്നിൽ രണ്ടും സ്ത്രീകളാണെന്നും അൽ മഹ്രി കൂട്ടിച്ചേർത്തു. ഇത് രാജ്യത്ത് സ്ത്രീകളുടെ പ്രാതിനിധ്യം എത്രത്തോളം ഉയർന്നതാണെന്നത് പ്രതിഫലിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
2023ലെ ലോക ബാങ്കിന്റെ വിമൻ, ബിസിനസ് ആൻഡ് ലോ റപ്പോർട്ടിൽ മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ മേഖലകളിലും തുടർച്ചയായി മൂന്നാം വർഷമാണ് യു.എ.ഇ ഒന്നാമതാവുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിത ദിനത്തോടനുബന്ധിച്ച് എട്ടു വർഷത്തേക്കുള്ള ദേശീയ വനിത ശാക്തീകരണ നയം രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ രംഗത്തും നേതൃരംഗത്തും വനിത പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ മന്ത്രിസഭ രൂപവത്കരണത്തിൽ 27.5 ശതമാനവും ഫെഡറൽ നാഷനൽ കൗൺസിലിൽ 50 ശതമാനവും വനിതകളുടെ പ്രാതിനിധ്യം ഉയർത്തിയിരുന്നു.
ദുബൈ ഇസ്ലാമികകാര്യ വകുപ്പ് ആഘോഷം
ദുബൈ: വനിത ദിനത്തിൽ ദുബൈയിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റിന്റെ (ഐ.എ.സി.എ.ഡി) നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ചടങ്ങിൽ ചാരിറ്റബ്ൾ വർക് സെക്ടർ ആക്ടിങ് ജനറൽ മാനേജറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ അഹമ്മദ് ദാർവിഷ് അൽ മുഹൈരി, ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ യൂസുഫ് അൽ ബുസ്മൈത്, ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ എന്നിവർ പങ്കെടുത്തു.
വിശുദ്ധ ഖുർആൻ പാരായണത്തിനുശേഷം, വനിത ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക വിഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി, വകുപ്പിനു കീഴിലുള്ള വനിത ജീവനക്കാരിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തന മികവ് കാഴ്ചവെച്ചവർക്കുള്ള അവാർഡുകൾ അഹമ്മദ് ദാർവിഷ് അൽ മുഹൈരിയും യൂസുഫ് അൽ ബുസ്മൈത്തും ചേർന്ന് സമ്മാനിച്ചു. കാര്യക്ഷമതയുള്ള ഡയറക്ടർ വിഭാഗം, ഏറ്റവും മുതിർന്ന ജീവനക്കാരുടെ വിഭാഗം, പ്രയോജനകരമായ നിർദേശങ്ങളുടെ വിഭാഗം, ശാസ്ത്ര-യോഗ്യതയുള്ളവരുടെ വിഭാഗം, ഓരോ മേഖലയിലും പോസിറ്റിവ് എനർജി ഉള്ളവരുടെ വിഭാഗം എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളിലാണ് പ്രവർത്തന മികവിനുള്ള വകുപ്പുതല അവാർഡുകൾ ഏർപ്പെടുത്തിയിരുന്നത്.
ജി.ഡി.ആർ.എഫ്.എ ഇമാറാത്തി വനിതാദിനാഘോഷം
യുദ്ധവിമാനം പറത്തിയ ആദ്യ ഇമാറാത്തി വനിതാ അനുഭവങ്ങൾ പങ്കുവെച്ചു
ദുബൈ: ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വൈവിധ്യമായ പരിപാടികളോടെ ഇമാറാത്തി വനിതാദിനം ആചരിച്ചു. യുദ്ധവിമാനം പറത്തിയ ആദ്യ ഇമാറാത്തി വനിത കേണൽ പൈലറ്റ് മറിയം ഹസൻ അൽ മൻസൂരി, വ്യോമയാന രംഗത്തെ അനുഭവങ്ങളും വ്യോമസേനക്കുള്ള തന്റെ സംഭാവനകളും പങ്കുവെച്ചുള്ള മുഖാമുഖം പരിപാടി വകുപ്പിലെ ദിനാചരണ ചടങ്ങ് വേറിട്ടതാക്കി. യു.എ.ഇ വികസനമന്ത്രി ഒഹൂദ് അൽ റൗമി, ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി എന്നിവർ വിശിഷ്ടാതിഥികളായി. എല്ലാ വർഷവും ആഗസ്റ്റ് 28നാണ് ഇമാറാത്തി വനിതാദിനം ആചരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിലും ലിംഗസമത്വത്തിലും രാജ്യം നേടിയ പുരോഗതിയുടെ ആഘോഷമാണ് ഇമാറാത്തി വനിത ദിനാചരണം.
എല്ലാ മേഖലകളിലും സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കേണ്ടതിന്റെയും അഭിനന്ദിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ലഫ്റ്റനന്റ് ജനറൽ പ്രത്യേകം പരാമർശിച്ചു. സ്ത്രീ ജീവനക്കാരെ ശാക്തീകരിക്കുന്നതിനായി ദുബൈ റെസിഡൻസിയിൽ ‘ഇമാറാത്തി വിമൻസ് സിറ്റി’ എന്ന പേരിൽ പ്രത്യേക പവിലിയൻ സ്ഥാപിച്ചിരുന്നു. ഷോപ്പിങ്, ഫോട്ടോഗ്രഫി, ബ്യൂട്ടി എന്നിങ്ങനെയുള്ള വിവിധ കൗണ്ടറുകൾ സ്ത്രീകളുടെ പരിശ്രമങ്ങളെയും റോളുകളെയും പിന്തുണക്കാൻ ലക്ഷ്യമിട്ടുള്ള വേദികളായി. ചടങ്ങിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ വനിത ജീവനക്കാർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ആഘോഷിച്ച് റാസല്‍ഖൈമ
റാസല്‍ഖൈമ: സ്ത്രീശാക്തീകരണത്തിനായി പുതിയ ദേശീയനയം പ്രഖ്യാപിച്ച യു.എ.ഇക്ക് പിന്തുണയര്‍പ്പിച്ച് ഇമാറാത്തി വനിതദിനം ആഘോഷിച്ച് റാസല്‍ഖൈമ. ‘നാളേക്കായി ഞങ്ങള്‍ സഹകരിക്കും’ എന്ന പ്രമേയം ഉയര്‍ത്തി റാക് മര്‍ജാന്‍ ഐലന്റില്‍ നടന്ന ആഘോഷ പരിപാടിയില്‍ സര്‍ക്കാര്‍, സ്വകാര്യ, പ്രാദേശിക ഏജന്‍സികളും ജീവനക്കാരും പ്രതിനിധികളും പങ്കെടുത്തു. തദ്ദേശീയരായ സ്ത്രീകള്‍ എത്തിപ്പിടിച്ച നേട്ടങ്ങളും രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്കും വരച്ചുകാട്ടുന്നതായിരുന്നു ചടങ്ങ്. മികച്ച സേവനം കാഴ്ചവെച്ച വനിതാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. ജനറല്‍ റിസോഴ്സ് ആൻഡ് സപ്പോര്‍ട്ട് സര്‍വിസസ് (ജി.ആര്.എ) ഡയറക്ടര്‍ ജമാല്‍ അഹമ്മദ് അല്‍തയ്ര്‍, എഫ്.എന്‍.സി സെക്കൻഡ് ഡെപ്യൂട്ടി പ്രസിഡന്റ് നമീഹ് അബ്ദുല്ല അല്ഷര്ഹാന് തുടങ്ങിയവരും പൊലീസ്, സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.