യു.എ.ഇ പ്രതിനിധികൾ യുക്രെയ്ൻ സന്ദർശിച്ചു
text_fieldsദുബൈ: റഷ്യൻ അധിനിവേശത്തിൽ കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന യുക്രെയ്നിൽ യു.എ.ഇ പ്രതിനിധികൾ സന്ദർശനം നടത്തി. യു.എ.ഇ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി മറിയം അൽ മഹൈരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് യുക്രെയ്നിൽ എത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായി സംഘം കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ കിയവിൽ നടന്ന കൂടിക്കാഴ്ചയിൽ റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന മാനുഷികാവസ്ഥകൾ ചർച്ചയായി.
യുക്രെയ്ൻ ജനതക്ക് യു.എ.ഇ ഭരണാധികാരികളുടെ ഐക്യദാർഢ്യവും അൽ മഹൈരി സെലൻസ്കിയെ അറിയിച്ചു. പ്രഥമ വനിതയായ ഒലേന സെലൻസ്കിയുമായും അൽ മഹൈരി ചർച്ച നടത്തി. യു.എ.ഇ അനുവദിച്ച 40 ലക്ഷം ഡോളറിന്റെ സഹായത്തിൽ നിർമിക്കുന്ന 10 ‘കുടുംബ അനാഥാലയങ്ങളുടെ’ നിർമാണം സംബന്ധിച്ചും യുദ്ധത്തിൽ കേടുപാട് സംഭവിച്ച ആശുപത്രികൾ, സ്കൂളുകൾ എന്നിവ പുനർ നിർമിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള പുതിയ പദ്ധതികൾ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.100 കുട്ടികളെ ഒരേസമയം പാർപ്പിക്കാൻ കഴിയുന്ന 10 കെട്ടിടങ്ങളാണ് നിർമിക്കുന്നത്. സംഘർഷ സമയത്ത് വിദ്യാർഥികളെ വിദൂര പഠനത്തിന് സഹായിക്കുന്നതിന് 2,500 കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും യു.എ.ഇ യുക്രെയ്ന് നൽകിയിരുന്നു.
ഇനിയും ഇത്തരം മാനുഷിക സഹായങ്ങൾ തുടരുമെന്നും മന്ത്രി അൽ മഹൈരി കൂട്ടിച്ചേർത്തു. ലണ്ടനിൽ ഈ മാസം 21, 22 തീയതികളിൽ നടക്കുന്ന യുക്രെയ്ൻ റിക്കവറി കോൺഫറൻസിൽ പങ്കെടുക്കാൻ യു.എ.ഇയെ യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ ക്ഷണിച്ചു. നവംബർ 30ന് ദുബൈയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമാകാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിൽ യു.എ.ഇ നടത്തുന്ന ദുരിതാശ്വാസ സഹായങ്ങൾക്ക് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.