ലിബിയക്ക് 90 ടൺ സഹായം എത്തിച്ച് യു.എ.ഇ
text_fieldsദുബൈ: പ്രളയം വൻ നാശംവിതച്ച ലിബിയൻ ജനതക്ക് വീണ്ടും യു.എ.ഇയുടെ മാനുഷികസഹായം. 90 ടൺ അവശ്യവസ്തുക്കളുമായി ചരക്കുവിമാനം ലിബിയയിലേക്ക് പറന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് കൂടുതൽ സഹായങ്ങൾ അയച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ അവശ്യവസ്തുക്കളുമായി മൂന്നാമത്തെ വിമാനമാണ് വെള്ളിയാഴ്ച ദുബൈ വിമാനത്താവളത്തിൽനിന്ന് ലിബിയൻ നഗരമായ ബെംഗാസിയിലേക്ക് പുറപ്പെട്ടത്. അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യുനൈറ്റഡ് നാഷനൻസ് ഹൈ കമീഷണർ, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികൾ എന്നിവർ ശേഖരിച്ച അവശ്യ വസ്തുക്കളായ ഷെൽട്ടറുകൾ, കിച്ചൻ സെറ്റുകൾ, പുതപ്പുകൾ, ജെറി കാനുകൾ, മറ്റ് അവശ്യവസ്തുക്കൾ അടങ്ങുന്നതാണ് സഹായം. സെപ്റ്റംബർ 10ന് ആഞ്ഞടിച്ച കൊടുങ്കാറ്റിൽ രണ്ട് ഡാമുകൾ തകർന്നതോടെയാണ് ലിബിയയിൽ സൂനാമിക്ക് തുല്യമായ വൻ പ്രളയമുണ്ടായത്. ഇതിൽ 4000 ത്തിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തു.
തുടർന്ന്. ലിബിയക്ക് സഹായമെത്തിക്കാൻ പ്രത്യേക എയർ ബ്രിഡ്ജും യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരെ തിരിച്ചറിയുന്നതിനായി വിദഗ്ധർ അടങ്ങുന്ന പ്രത്യേക ടീമിനേയും യു.എ.ഇ അയച്ചിരുന്നു. ഈ സംഘം 181 പേരെ കണ്ടെത്താൻ സഹായിച്ചതായി അധികൃതർ അറിയിച്ചു.ലിബിയൻ അതോറിറ്റിയുമായി ചേർന്നായിരിക്കും പ്രളയബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.