ഗസ്സക്ക് മൂന്ന് ടൺ മെഡിക്കൽ സഹായം കൂടി എത്തിച്ച് യു.എ.ഇ
text_fieldsദുബൈ: യുദ്ധക്കെടുതി അസ്തമിക്കാത്ത ഫലസ്തീൻ ജനതക്ക് കൂടുതൽ മെഡിക്കൽ സഹായങ്ങൾ എത്തിച്ച് യു.എ.ഇ. ഗസ്സ മുനമ്പിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്കും ആരോഗ്യ മേഖലക്കും പിന്തുണ നൽകാനായി വ്യത്യസ്ത മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ മൂന്നു ടണ്ണിന്റെ സഹായമാണ് യു.എ.ഇ എത്തിച്ചത്.
ഖാൻ യൂനിസിലെ നാസർ ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ കടുത്ത മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യർഥനകൾക്ക് പിന്നാലെയാണ് യു.എ.ഇ കൂടുതൽ സഹായങ്ങൾ കൈമാറിയത്.
യുദ്ധത്തിൽ കുടിയിറക്കപ്പെട്ട എല്ലാ ജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും പരിക്കേറ്റവർക്കും രോഗികൾക്കും നൽകി വരുന്ന മെഡിക്കൽ സേവനങ്ങൾ തുടർന്നും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മരുന്ന് ക്ഷാമം നേരിടുന്ന ആശുപത്രികൾക്ക് ആവശ്യമായ നിരവധി മെഡിക്കൽ ഉൽപന്നങ്ങൾ, വിവിധ തരത്തിലുള്ള പരിക്കുകൾക്കുള്ള മരുന്നുകൾ, പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ തുടങ്ങി നിർണായക സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണക്കുന്നതിനുള്ള സഹായങ്ങൾ ഇതിൽ ഉൾപ്പെടും.
ഗസ്സ മുനമ്പിലെ ആരോഗ്യ മേഖലകളെ സഹായിക്കുന്നതിനായി വിവിധ ആശുപത്രികൾ, അന്താരാഷ്ട്ര മെഡിക്കൽ സംഘങ്ങൾ എന്നിവയുമായി യു.എ.ഇ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. യുദ്ധം മൂലം നിരവധി ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണ്. ഈ ആശുപത്രികളെ സഹായിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ആംബുലൻസുകൾ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങളും യു.എ.ഇ അനുവദിച്ചിട്ടുണ്ട്. ഇതോടെ 337 ടണ്ണിന്റെ മെഡിക്കൽ സഹായമാണ് എത്തിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.