പെരുന്നാളിന് ജാഗ്രത വേണം; കോവിഡ് നിർദേശങ്ങളുമായി യു.എ.ഇ ദുരന്ത നിവാരണ സമിതി
text_fieldsദുബൈ: ബലിപെരുന്നാൾ ആഘോഷം ജാഗ്രതയോടെ വേണമെന്ന് ദേശീയ അടിയന്തിര ദുരന്ത നിവാരണ സമിതി(എൻ.സി.ഇ.എം.എ). കോവിഡ് വ്യാപനം തടയാനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിലാണ് സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ബലിമാംസം, പെരുന്നാൾ സമ്മാനം, ഭക്ഷണം എന്നിവ അയൽക്കാർക്കിടയിൽ വിതരണം ചെയ്യുന്നതിന് അനുമതിയുണ്ടാകും. എന്നാൽ വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ ബാഗുകളിലോ ബോക്സുകളിലോ ആയിരിക്കണം വിതരണം ചെയ്യുന്നതെന്നും നിർദേശിച്ചിട്ടുണ്ട്.
സമൂഹത്തിന്‍റെ സുരക്ഷിതത്വം പരിഗണിച്ച് ആഘോഷത്തിന് 72മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന നടത്തണമെന്നും അധികൃതർ നിർദേശിച്ചു. ഹസ്തദാനം ഒഴിവാക്കുക, കുട്ടികഹക്ക് പെരുന്നാൾ പണം നലകുന്നതിന് ആപ്പുകളും മറ്റു ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കുക, ആഘോഷം സ്വന്തം കുടുംബത്തിനകത്ത് പരിമിതപ്പെടുത്താൻ ശ്രമിക്കുക, കുടുംബ സന്ദർശനങ്ങളുടെ സന്ദർഭത്തിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക, പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും പ്രത്യേക ശ്രദ്ധയുണ്ടാകുക എന്നിവ ശ്രദ്ധിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
ബലിയറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രത്യേകമായി നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറവിന് ലൈസൻസില്ലാത്ത തൊഴിലാളികളെ ചുമതലപ്പെടുത്താതിരിക്കുക, ബലിയറുക്കുന്നതിന് രാജ്യത്തെ ഔദ്യോഗിക ആപ്ലിക്കേഷൻ സംവിധാനം ഉപയോഗപ്പെടുത്തുക, അറവുശാലകളിൽ ജനക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
ജൂലൈ 9ശനിയാഴ്ചയാണ് യു.എ.ഇയിൽ ബലിപെരുന്നാൾ. കോവിഡ് കേസുകളിൽ അൽപം വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ആഘോഷ സന്ദർഭത്തിൽ ജാഗ്രത കൈവിടരുതെന്ന നിർദേശം നൽകിയിരിക്കുന്നത്.
പെരുന്നാൾ നമസ്കാരം 20 മിനുറ്റ്
ദുബൈ: ബലിപെരുന്നാൾ നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നമസ്കാരവും ഖുതുബയും 20മിനിറ്റിൽ അവസാനിപ്പിക്കണം, നമസ്കാര സ്ഥയത്ത് മാസ്ക ധരിക്കണം, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, നിസ്കാരപ്പായ കൊണ്ടുവരണം, ജനകൂട്ടം ഒഴിവാക്കുന്നതിന് പ്രവേശന കവാടത്തിൽ പൊലീസ്-വളണ്ടിയർ നിയന്ത്രണത്തിലായിരിക്കും, പള്ളികളും ഈദ് ഗാഹുകളും സുബ്ഹ് നമസ്കാരത്തിന് ശേഷം തുറക്കും, ഒത്തുകൂടയും ഹസ്തദാനവും ഒഴിവാക്കണം എന്നിവയാണ് നിർദേശങ്ങളിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.