ഉദര അർബുദത്തിന് ഏറ്റവും പുതിയ കീമോ തെറപ്പി പരീക്ഷിച്ച് യു.എ.ഇ ഡോക്ടർമാർ
text_fieldsദുബൈ: സ്റ്റേജ് 4 സ്റ്റൊമക് കാൻസർ ബാധിച്ച 35കാരിയിൽ ഏറ്റവും പുതിയ കീമോ തെറപ്പി സംവിധാനം പരീക്ഷിച്ച് ദുബൈയിലെ ഡോക്ടർമാർ.
രോഗിയുടെ വയറ്റിൽ അർബുദം അതിവേഗം വ്യാപിച്ചതായി ഡോക്ടർമാർ മനസ്സിലാക്കിയതിനെ തുടർന്നാണ് പ്രഷറൈസ്ഡ് ഇൻട്രാപെരിറ്റോണിയൽ എയറോസോലൈസ്ഡ് കീമോ തെറപ്പി(പി.ഐ.പി.എ.സി) എന്ന നൂതനമായ കീമോ തെറപ്പി ഉപയോഗിച്ച് ചികിത്സിക്കാൻ തീരുമാനിച്ചത്. ആമാശയം, വൻകുടൽ, അണ്ഡാശയം എന്നിവയുടെ അർബുദം ചികിത്സിക്കുന്നതിനായി ഒരു സെൻറിമീറ്റർ വലുപ്പമുള്ള പോർട് ഉപയോഗിച്ച് നടത്തുന്ന കീമോ തെറപ്പി രീതിയാണ് പി.ഐ.പി.എ.സി. ഈ തെറപ്പി ചികിത്സക്കു ശേഷം രോഗിക്ക് മികച്ച പുരോഗതിയാണുണ്ടായത്.
കീമോ തെറപ്പിയുടെ പാർശ്വഫലങ്ങളില്ലാതെ ചികിത്സ ഫലം കൈവരിക്കുമെന്നതാണ് ഇതിെൻറ ഗുണമെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. യു.എ.ഇയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ചികിത്സ നടത്തുന്നത്. ദുബൈയിലെ മെഡിക്ലിനിക് പാർക്ക് വ്യൂ ആശുപത്രിയിലാണ് ഇതു ചെയ്തത്. മലയാളിയുംകൺസൾട്ടൻറ് സർജനുമായ ഡോ. സാക്കിർ കെ. മുഹമ്മദ്, പ്രഫ. അമീർ നിസാർ, കൺസൾട്ടൻറ് ഓങ്കോളജിസ്റ്റ് ഡോ. ഷഹീന ദാവൂദ് എന്നിവർ ചേർന്നാണ് ചികിത്സ നടത്തിയത്.
ഫ്രാൻസിലെ മോണ്ട്പെല്ലിയർ റീജനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഓങ്കോളജിക്കൽ സർജൻ ഡോ. ഒലിവിയ സ്ഗാർബുറ ഇവരെ സഹായിക്കാൻ ദുബൈയിലെത്തിയിരുന്നു.
അർബുദം ബാധിച്ച ചെറുപ്പക്കാരായ രോഗികൾക്ക് പലപ്പോഴും വിപുലമായ ചികിത്സകൾ തേടി വിദേശയാത്ര നടത്തേണ്ടിവരുന്നത് ഒഴിവാക്കാൻ പ്രാദേശികമായി ഏറ്റവും നൂതനമായ അർബുദ ചികിത്സകൾ നൽകാനാണ് മെഡിക്ലിനിക് ലക്ഷ്യമിടുന്നതെന്ന് മെഡിക്ലിനിക് പാർക്ക്വ്യൂ ആശുപത്രിയിലെ കൺസൾട്ടൻറ് ജനറലും കൊളോറെക്ടൽ സർജനുമായ ഡോ. സാക്കിർ മുഹമ്മദ് പറഞ്ഞു. വയറ്റിൽ അർബുദമുള്ള രോഗികൾക്ക് സാധാരണ കീമോ തെറപ്പി മാത്രം പലപ്പോഴും ദോഷകരമാണെന്നും, എന്നാൽ പി.ഐ.പി.എ.സി പോലുള്ള പുതിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൽ മികച്ച ഫലമുണ്ടാക്കുമെന്നും ഡോ. ഷഹീന ദാവൂദ് വെളിപ്പെടുത്തി. വളരെ വേഗത്തിൽ ഫലം ലഭിക്കുന്ന ചികിത്സ രീതിയാണിതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി പ്രഫ. അമീർ നിസാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.