യുക്രെയ്ന് 23 ആംബുലൻസുകൾ നൽകി യു.എ.ഇ
text_fieldsദുബൈ: റഷ്യൻ അധിനിവേശം തകർത്തെറിഞ്ഞ യുക്രെയ്നിലെ ആരോഗ്യ മേഖലക്ക് സഹായഹസ്തം നീട്ടി യു.എ.ഇ. യുക്രെയ്നിലെ ആരോഗ്യ സുരക്ഷ മേഖലയെ പിന്തുണക്കുന്നതിന്റെ ഭാഗമായി യു.എ.ഇ 23 ആംബുലൻസുകൾ സംഭാവന ചെയ്തു.
വ്യാഴാഴ്ച ആംബുലൻസുകളുമായുള്ള ചരക്കു കപ്പൽ പുറപ്പെട്ടു. വിദേശ സഹായപദ്ധതിയുടെ ഭാഗമായി 50 ആംബുലൻസുകൾ യുക്രെയ്ന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്രകാര്യ ഓഫിസിലെ ജീവകാരുണ്യ വിഭാഗം ഡയറക്ടർ മാജിദ് ബിൻ കമാൽ പറഞ്ഞു.
കഴിഞ്ഞ മാസം 10,000 സ്കൂൾ ബാഗുകളും 2,500 ലാപ്ടോപ്പുകളുമായി ചരക്കുവിമാനം യുക്രെയ്നിലേക്ക് അയച്ചിരുന്നു. കൂടാതെ വെളിച്ച ഉപകരണങ്ങൾ, പുതപ്പുകൾ എന്നിവ ഉൾപ്പെടെ 250 ടൺ ഉൽപന്നങ്ങളുമായി ചരക്കു കപ്പലും യു.എ.ഇ യുക്രെയ്നിലേക്ക് അയച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ യുക്രെയ്ന് 100 ദശലക്ഷം ഡോളറിന്റെ സഹായവും യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.
പ്രയാസം അനുഭവിക്കുന്ന ജനതക്കുള്ള മാനുഷിക സഹായങ്ങൾ ഇനിയും തുടരുമെന്ന് യുക്രെയ്നിലെ യു.എ.ഇ അംബാസഡർ സലിം അഹമ്മദ് അലിം അൽ കാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.