സിറിയൻ അനാഥർക്ക് പെരുന്നാൾകോടി യു.എ.ഇയിൽ നിന്ന്
text_fieldsദുബൈ: ഭൂകമ്പം അനാഥമാക്കിയ സിറിയയിലെ കുട്ടികൾക്ക് പെരുന്നാൾകോടി വാങ്ങാൻ സഹായഹസ്തവുമായി എമിറേറ്റ്സ് റെഡ് ക്രസൻറ്(ഇ.ആർ.സി). പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങുന്നതിന് വൗച്ചറുകളാണ് വിതരണം ചെയ്യുന്നത്. ഫെബ്രുവരിയിലെ ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച ലതാകിയ പ്രവിശ്യയിലെ അനാഥക്കുട്ടികൾക്കാണ് സഹായം ലഭിക്കുക. മാതാപിതാക്കൾ മരിച്ച കുട്ടികളെയാണ് പദ്ധതിയിലെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സിറിയൻ പ്രവിശ്യകളുമായി ഏകോപിപ്പിച്ച് 17,000 ഭൂകമ്പ ബാധിത കുടുംബങ്ങളെ സഹായിക്കാനാണ് റെഡ്ക്രസൻറ് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഇ.ആർ.സി ടീം മേധാവി മുഹമ്മദ് പറഞ്ഞു.
ഭൂകമ്പത്തിലെ ഇരകൾക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സിറിയയിൽ യു.എ.ഇ 1000 വീടുകൾ പണിയുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. 6.5കോടി ദിർഹം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയിലൂടെ ആറായിരം പേർക്ക് താമസത്തിന് സൗകര്യമൊരുങ്ങും. ലതാകിയ ഗവർണറേറ്റിലെ തിരഞ്ഞെടുത്ത ഏഴ് പ്രദേശങ്ങളിലാണ് വീടുകൾ നിർമിച്ചത്.
നിർമാണ പ്രവർത്തനങ്ങൾക്കും അർഹരായ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിനും പ്രാദേശിക വികസന അതോറിറ്റി, ലതാകിയ ഗവർണറേറ്റ് കൗൺസിൽ, സിറിയൻ റെഡ് ക്രസന്റ്, മറ്റ് പ്രധാന അധികാരികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പെരുന്നാൾ ദിനത്തിൽ കുട്ടികളുടെ മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കുകയാണ് വസ്ത്രവിതരണ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.