യു.എ.ഇ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു
text_fieldsഅബൂദബി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ സംഘടിപ്പിച്ച പതിനാലാമത് യു.എ.ഇ നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു. 11 സോണുകളിൽനിന്നായി 1200ൽ പരം പ്രതിഭകൾ മാറ്റുരച്ച പ്രവാസി സാഹിത്യോത്സവിൽ ആതിഥേയരായ അബൂദബി സിറ്റി സോൺ 292 പോയന്റുകളോടെ ജേതാക്കളായി.
273 പോയന്റുകൾ നേടിയ ഷാർജ സോൺ രണ്ടാം സ്ഥാനവും 255 പോയന്റുകൾ നേടിയ ദുബൈ സൗത്ത് സോൺ മൂന്നാം സ്ഥാനവും നേടി. വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിക്കുന്ന കാമ്പസ് വിഭാഗത്തിന്റെ മത്സരങ്ങളിൽ അജ്മാൻ സോൺ ഒന്നാം സ്ഥാനം നേടി. അബൂദബി ഈസ്റ്റ് സോൺ രണ്ടും ഷാർജ സോൺ മൂന്നും സ്ഥാനങ്ങൾ നേടി. അബൂദബി നാഷനല്‍ തിയറ്ററില്‍ നടന്ന സാഹിത്യോത്സവ് വലിയ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു.
12 ഓളം വേദികളിലായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. ഷാർജ സോണിലെ മുഹമ്മദ് സഹൽ കലാപ്രതിഭയായും ദുബൈ നോർത്തിലെ സഹദ് തലപ്പുഴ പുരുഷ വിഭാഗത്തിലെ സർഗപ്രതിഭയായും അബൂദബി സിറ്റിയിലെ റുമൈസ ജസീർ വനിത വിഭാഗത്തിലെ സർഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ശൈഖ് അലി അല്‍ ഹാഷ്മി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി പ്രഭാഷണം നടത്തി. ഗ്ലോബല്‍ കലാലയം കഥ, കവിത പുരസ്കാര ജേതാക്കള്‍ക്കുള്ള പുരസ്കാര വിതരണവും സാഹിത്യോത്സവ് വേദിയിൽ നടന്നു. 2025ലെ പ്രവാസി നാഷനൽ സാഹിത്യോത്സവ് റാസൽ ഖൈമയിൽ നടക്കും. സാഹിത്യോത്സവ് ലോഗോ റാസൽ ഖൈമ സോൺ ഭാരവാഹികൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.