ബഹിരാകാശ ടൂറിസ യാത്രകൾക്ക് യു.എ.ഇ നിരക്ക് ആറുലക്ഷം ദിർഹം മുതൽ
text_fieldsഅബൂദബി: അടുത്ത വർഷം മുതൽ ബഹിരാകാശ ടൂറിസം യാത്രകൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങി യു.എ.ഇ. ആറു ലക്ഷം ദിർഹം മുതലാണ് ഒരാളിൽ നിന്ന് ഈടാക്കുന്ന നിരക്ക്. 2025 മൂന്നാം പാദം മുതൽ ബഹിരാകാശ വിമാന സർവിസുകൾക്ക് യു.എ.ഇയിൽ നിന്നും സ്പെയിനിൽ നിന്നും തുടക്കം കുറിക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ സ്ഥാപനമായ ഇ.ഒ.എസ്-എക്സ് സ്പേസിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ കെമൽ ഖർബാച്ചി പറഞ്ഞു.
ബഹിരാകാശ യാത്രികരെ കൊണ്ടുപോകാനാകുന്ന സ്പേസ്ഷിപ് വണിന്‍റെ വികസനം പൂർത്തിയാകുന്നതോടെ, സ്പെയിനിന്‍റെ ദേശീയ ഏറോസ്പേസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മതിയായ പരീക്ഷണങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൈലറ്റടക്കം എട്ടുപേരെയാണ് ഇ.ഒ.എസ് എക്സ് സ്പേസിന്‍റെ ക്യാപ്സൂളിൽ ബഹിരാകാശത്തേക്ക് കൊണ്ടുപോവുക.
പരിസ്ഥിതി സൗഹൃദ ഹീലിയം ബലൂണിലായിരിക്കും ക്യാപ്സൂളിനെ മുകളിലേക്ക് ഉയർത്തുക. 40,000 മീറ്റർ ഉയരത്തിൽ ക്യാപ്സൂൾ എത്തുകയും ഇവിടെ നിന്ന് യാത്രികർക്ക് ബഹിരാകാശത്തിന്‍റെ മനോഹര കാഴ്ചകൾ ആസ്വദിക്കാനുമാവും. അഞ്ചുമണിക്കൂറാണ് യാത്രാസമയം. പാക്കേജിന് അനുസരിച്ച് ആറുലക്ഷം ദിർഹം മുതൽ എട്ടുലക്ഷം ദിർഹം വരെയാണ് ഒരു യാത്രികനിൽ നിന്ന് നിരക്ക് ഈടാക്കുക.
മറ്റു കമ്പനികൾ റോക്കറ്റ് മാർഗമാണ് ബഹിരാകാശ യാത്ര നടത്തിക്കുന്നതെന്നും ഇത് ചെലവേറിയതും പരിശീലനങ്ങൾക്ക് സഞ്ചാരികൾ വിധേയരാകേണ്ടിവരുന്നുണ്ടെന്നും ഇ.ഒ.എസ് എക്സ് സ്പേസ് പറഞ്ഞു. യാസ് ഐലൻഡിൽ ഹോട്ടൽ സമുച്ചയവും ഇ.ഒ.എസ്- എക്സ് സ്പേസ് തുറന്നിട്ടുണ്ട്. മെക്സിക്കോയിൽ പ്രവർത്തനം തുടങ്ങാൻ ആലോചിക്കുന്ന കമ്പനി ഇവിടെ നിന്ന് 2026 മുതൽ ബഹിരാകാശ ടൂറിസം യാത്രകൾ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.