17കാരെൻറ ഇടപെടല്‍ തീപിടിച്ച വില്ലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചു
text_fieldsഅജ്മാന്‍: അജ്മാനിലെ വില്ലക്ക് തീപിടിച്ചത് അപ്രതീക്ഷിതമായി കണ്ട17 കാരെൻറ ഇടപെടല്‍ ഒരു കുടുംബത്തെ രക്ഷിച്ചു. അജ്മാനിലെ അല്‍ റൌദ രണ്ട് പ്രദേശത്താണ് വില്ലക്ക് തീപ്പിടിച്ചത്. അപകടം ആദ്യം കണ്ട മുഹമ്മദ് അല്‍ അഹമ്മദി എന്ന സിറിയന്‍ ബാലൻ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതാണ് വന്‍ അപകടം ഒഴിവാകാന്‍ കാരണം. വില്ലയുടെ പുറത്ത് നിന്ന് തീ വരുന്നത് കണ്ട ഉടനെ വാതിലില്‍ മുട്ടി വീട്ടുകാരെ വിളിച്ചെങ്കിലും ആരും പുറത്ത് വന്നില്ല. അതേ സമയം തീയില്‍ നിന്നും രക്ഷപ്പെടാന്‍ വേലി ചാടി കടക്കാന്‍ ശ്രമിക്കുന്ന രണ്ടു കുട്ടികളെ ബാലൻ ആദ്യം രക്ഷപ്പെടുത്തി. സമയം കളയാതെ അഗ്നിശമന വിഭാഗത്തെയും പോലീസിനെയും വിളിച്ചറിയിച്ചു.
ബാലൻ നല്‍കിയ കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ദ്രുതഗതിയില്‍ സംഭവ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയ മാക്കിയ അഗ്നിശമനസേന വില്ലക്കകത്ത് പെട്ടു പോയ വൃദ്ധനെയും പിഞ്ചുകുഞ്ഞിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തീ ആളിപടര്‍ന്ന് വീടിനടുത്തുള്ള ട്രാൻസ്ഫോര്‍മറിനു അടുത്തെത്തിയിരുന്നെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു. സിറിയൻ ബാലെൻറ അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് അല്‍ ജറഫിലുള്ള ഫയര്‍ സ്റ്റേഷന് ഡ്യൂട്ടി ഓഫീസര്‍ മേജർ മർവാൻ യൂസുഫ് അൽ ഷംസി പറഞ്ഞു. സ്കൂളുകളിൽ കുട്ടികൾക്കിടയിൽ സെക്യൂരിറ്റി സംസ്ക്കാരം പ്രചരിപ്പിക്കപ്പെടുന്നത് തീയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിച്ചെന്നും അദേഹം പറഞ്ഞു. അസാധാരണമായ പ്രവൃത്തിക്ക് അജ്മാൻ സിവിൽ ഡിഫൻസ് മുഹമ്മദ് അൽ അഹമ്മദിയെ ആദരിച്ചു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.