സ്വപ്നങ്ങൾ വീണുടഞ്ഞ രാവ്
text_fieldsദുബൈ: അത്രമേൽ ആത്മവിശ്വാസത്തോടെയാണ് യു.എ.ഇ ടീം ഖത്തറിലേക്ക് വിമാനം കയറിയത്. ദക്ഷിണ കൊറിയയെ തോൽപിച്ചതും ഗാംബിയക്കെതിരെ സമനില പിടിച്ചതും അവരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചിരുന്നു. എന്നാൽ, 85ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ഗതിമാറിയെത്തിയ പന്ത് വലയിലെത്തിച്ച് ആസ്ട്രേലിയൻ പ്ലേമേക്കർ അഡിൻ റുസ്റ്റിക് യു.എ.ഇയുടെ ലോകകപ്പ് സ്വപ്നങ്ങളെ തച്ചുടച്ചുകളഞ്ഞു. മത്സരത്തിൽ ആധിപത്യം പുലർത്തിയത് യു.എ.ഇയാണെങ്കിലും പൊരുതിക്കീഴടങ്ങാനായിരുന്നു വിധി.
ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം യു.എ.ഇയുടെ ഹോം ഗ്രൗണ്ട് പോലെയായിരുന്നു.
ഗാലറിയുടെ വലതുഭാഗം വെള്ളക്കടലാക്കി മാറ്റി ആർപ്പുവിളിച്ച ഇമാറാത്തി ഫാൻസിനെ ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളാണ് യു.എ.ഇ ടീം നടത്തിയത്.
യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ മുൻകൈയെടുത്ത് അയ്യായിരത്തോളം സൗജന്യ ടിക്കറ്റുകൾ നൽകിയിരുന്നു. രണ്ട് മത്സരം ജയിച്ചാൽ അയൽനാട്ടിൽ ലോകകപ്പ് കളിക്കാമെന്ന മോഹവുമായാണ് ടീം കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ലെങ്കിലും യു.എ.ഇ രണ്ടുതവണ ലക്ഷ്യത്തിലേക്ക് വെടിയുതിർത്തിരുന്നു. രണ്ടാം പകുതിയിൽ കളത്തിൽ ആവേശം ഇരട്ടിച്ചു. 53ാം മിനിറ്റിൽ മിന്നുന്ന നീക്കത്തിലൂടെ ജാക്സൺ ഇർവിൻ ഓസീസിനെ മുന്നിലെത്തിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ പൊരുതിയ യു.എ.ഇ നാല് മിനിറ്റിനപ്പുറം മറുപടി നൽകി. ഇതോടെ ഗാലറി വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. എന്നാൽ, മത്സരം തീരാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെ യു.എ.ഇയുടെ കണ്ണീർ വീഴ്ത്തി ഓസീസ് ലീഡ് നേടുകയായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം ലോക കപ്പ് കളിക്കുക എന്ന സ്വപ്നമാണ് ഇതോടെ അവസാനിച്ചത്.
മത്സരത്തിൽ ആധിപത്യം യു.എ.ഇക്കായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം താളം കണ്ടെത്തിയ ടീം ഗോൾ നേടുന്നതിൽ മാത്രം പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.