ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക്
text_fieldsദുബൈ: ഉയരങ്ങളിൽ റെക്കോഡ് തീർക്കുന്ന യു.എ.ഇ ഇപ്പോൾ ഉയരങ്ങളിലേക്ക് പാറിപ്പറക്കുകയാണ്. രാജ്യത്തിന്റെ സ്വപ്നങ്ങൾ ബഹിരാകാശവും ചന്ദ്രനും ചൊവ്വയും കടന്ന് ഉയരെ പറക്കുമ്പോൾ അതിലേക്ക് പുതിയൊരു ചരിത്രം കൂടി എഴുതിച്ചേർക്കാനൊരുങ്ങുകയാണ് നാട്.
ഈ സ്വപ്നം യാഥാർഥ്യമാക്കി യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദി തിങ്കളാഴ്ച ബഹിരാകാശത്തേക്ക് കുതിച്ചുയരും. അറബ് ലോകത്തിന്റെ ബഹിരാകാശ ചരിത്രം മാറ്റിയെഴുതുന്നതാണ് കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ യു.എ.ഇ നടപ്പാക്കിയ ദൗത്യങ്ങൾ. ഇതിലെ അവസാന ഏടാണ് സുൽത്താൻ നിയാദിയുടെ ദീർഘകാല ബഹിരാകാശ യാത്ര. ഇനിയുമേറെ കാതങ്ങൾ പിന്നിടാനുണ്ടെന്ന സന്ദേശം പകർന്നാണ് നിയാദി യാത്ര തുടങ്ങുന്നത്.
2019 സെപ്റ്റംബർ 25നായിരുന്നു ബഹിരാകാശത്ത് ആദ്യമായി അറബ് പൗരന്റെ പാദ മുദ്ര പതിഞ്ഞത്. യു.എ.ഇ ബഹിരാകാശ പര്യവേക്ഷകൻ മേജർ ഹസ്സ അൽമൻസൂരിയാണ് എട്ട് ദിവസത്തേക്ക് ബഹിരാകാശത്തെത്തിയത്. കസാഖ്സ്താനിലെ ബൈകനൂർ കോസ്മോ ഡ്രോമിൽ നിന്ന് നാസയുടെ പര്യവേക്ഷക ജസീക മീർ, റഷ്യൻ കമാൻറർ ഒലേഗ് സ്ക്രിപോച്ച്ക എന്നിവർക്കൊപ്പം സോയുസ് എം.എസ് 15 എന്ന പേടകത്തിലായിരുന്നു ഹസ്സയുടെ യാത്ര.
അന്ന് രണ്ട് ബഹിരാകാശ യാത്രികരെയാണ് യു.എ.ഇ മാസങ്ങളായി ഈ ദൗത്യത്തിനായി പരിശീലിപ്പിച്ചത്. ഒപ്പം പരിശീലനം നേടിയ സുല്‍ത്താന്‍ അല്‍ നെയാദി അടിയന്തര സാഹചര്യത്തില്‍ ഹസ്സക്ക് പകരം ദൗത്യം ഏറ്റെടുക്കാന്‍ തയാറായി നില്‍പ്പുണ്ടായിരുന്നു.
അന്ന് ബൈ സ്റ്റാൻഡറായി നിന്ന സുൽത്താൻ നിയാദിയാണ് ഇപ്പോൾ മറ്റൊരു ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്നത്. നിരവധി ടെസ്റ്റുകൾ നടത്തിയ ശേഷം 4,022 പേരിൽ നിന്നാണ് ഹസ്സ അൽ മൻസൂരിയെയും സുൽത്താൻ അൽ നിയാദിയും തെരഞ്ഞെടുക്കപ്പെട്ടത്.
2020 ജൂലൈ 20നാണ് അറബ് ലോകത്തെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം യു.എ.ഇയുടെ ഹോപ്പ് പ്രോബ് (അൽ അമൽ) ചൊവ്വയിലേക്ക് കുതിച്ചത്. സ2021 ഫെബ്രുവരി ഒമ്പതിനായിരുന്നു ‘ഗ്രഹപ്രവേശം’. ശാസ്ത്രജ്ഞൻമാർ 50 ശതമാനം വിജയസാധ്യത കൽപിച്ച ഹോപ്പ് ലക്ഷ്യത്തിലെത്തിയതോടെ ചൊവ്വായിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ. ആദ്യ ശ്രമത്തിൽ തന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യമെന്ന നേട്ടവും യു.എ.ഇ സ്വന്തമാക്കി.
686 ദിവസം (ചൊവ്വയിലെ ഒരുവർഷം) ഹോപ് ചൊവ്വയിലുണ്ടാവും. ഇതിനകം നിരവധി ചിത്രങ്ങൾ ഹോപ്പിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. ഡിസംബർ 11നാണ് യു.എ.ഇയുടെ ചാന്ദ്ര ദൗത്യം ‘റാശിദ്’ റോവർ കുതിപ്പ് തുടങ്ങിയത്. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമായ ‘റാശിദ്’ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപിച്ചത്.
ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷ. അഞ്ച് മാസം കൊണ്ട് 3,85,000 കിലോമീറ്ററാണ് റാശിദ് സഞ്ചരിക്കേണ്ടത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും.
യാത്ര തുടരും:
ഇവിടെയും അവസാനിക്കുന്നില്ല യു.എ.ഇയുടെ സ്വപ്നങ്ങൾ. അടുത്ത ലക്ഷ്യം ശുക്രനാണ്. ശുക്ര ഗ്രഹത്തിന്റെയും സൗരയൂഥത്തിലെ എഴ് ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 2028ലാണ് പര്യവേക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭൂമിയിലേക്ക് പതിക്കുന്ന മിക്ക ഉൽക്കകളുടെയും ഉൽഭസ്ഥാനമെന്ന നിലയിലാണ് ഇവിടം പഠനത്തിന് തിരഞ്ഞെടുത്തത്. 3.6 ബില്യൺ കിലോമീറ്ററാണ് ദൂരം. ചൊവ്വയിലേക്കുള്ള ഹോപ് പേടകത്തിന്റെ ഏഴ് മടങ്ങ് യാത്ര. ഛിന്നഗ്രഹത്തിൽ എത്തുന്ന ആദ്യ അറബ് ബഹിരാകാശ ദൗത്യമായിരിക്കും ഇത്. പര്യവേക്ഷണ പേടകം രൂപപ്പെടുത്താൻ ഏഴ് വർഷമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
അഞ്ചുവർഷത്തെ യാത്രയും ഛിന്നഗ്രഹത്തിൽ എത്തിച്ചേരുന്നതിന് ആവശ്യമായി വരും. ബഹിരാകാശ ഏജൻസിയുടെ ദൗത്യത്തിന്റെ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇമാറാത്തി ബഹിരാകാശ ബിസിനസ് വളർത്തിയെടുക്കുക, കരാറുകളിൽ യു.എ.ഇ കമ്പനികൾക്ക് മുൻഗണന നൽകുക, യുവാക്കളെ പരിശീലിപ്പിക്കുന്നതിന് പ്രോഗ്രാം സംഘടിപ്പിക്കുക, പ്രദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സർവകലാശാലകളെ ദൗത്യത്തിന്റെ ഭാഗമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2117ഓടെ ചൊവ്വയിൽ വാസയോഗ്യമായ ആദ്യത്തെ ഗ്രാമം നിർമിക്കുക എന്നതും യു.എ.ഇയുടെ സ്വപ്ന പദ്ധതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.