സാഹസ സെൽഫിയെടുക്കുന്നവർ കുടുങ്ങും, സഹായം ചെയ്യുന്നവരും VIDEO
text_fieldsദുബൈ: സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാൻ അപകടകരമായ സാഹസിക സെൽഫി എടുക്കുന്നവർ സൂക്ഷിച്ചോളുക. നിങ്ങളെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ കർശന നടപടി സ്വീകരിക്കാനും സംവിധാനങ്ങൾ തയ്യാറായി കഴിഞ്ഞു. കൂറ്റൻ കെട്ടിടങ്ങളിൽ വലിഞ്ഞു കയറി കാണുന്നവർക്ക് നെഞ്ചിടിപ്പുണ്ടാക്കുന്ന ചിത്രങ്ങളും വീഡിയോയും എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുന്നത് പതിവായതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെടുന്നത്.
കെട്ടിടങ്ങൾ ഇത്തരം അപകടകരമായ പ്രവർത്തികൾക്ക് വേദിയായാൽ പടമെടുത്തവർ മാത്രമല്ല, കെട്ടിടങ്ങളുടെ ഉടമയും നടത്തിപ്പുകാരും കുടുങ്ങും. ജീവൻ അപകടപ്പെടുത്തുന്ന പ്രവർത്തികൾ കെട്ടിടങ്ങളിൽ നടക്കുന്നില്ലെന്ന് ഉടമസ്ഥർ ഉറപ്പുവരുത്തണമെന്ന് ദുബൈ നഗരസഭാ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത നിർദേശിച്ചു.
മേൽക്കൂരകളിൽ ഉൾപ്പെടെ ആളുകൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്ന് പരിസ്ഥിതി വിഭാഗം അസി. ഡി.ജി ഖാലിദ് മുഹമ്മദ് ശരീഫ് പറഞ്ഞു. 2003ൽ ഇറങ്ങിയ ഉത്തരവിൽ തന്നെ അനുവാദമില്ലാതെ ആളുകൾ കെട്ടിടങ്ങളിൽ കയറുന്നത് തടയാൻ സി.സി.ടി.വി, ഇലക്ട്രോണിക് സെൻസർ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ഒാർമപ്പെടുത്തി. നിയമം ലംഘിക്കുന്നവരെക്കുറിച്ച് ഉടനടി അധികൃതർക്ക് വിവരം നൽകണം.
ഇൗ വർഷം തന്നെ അപകടകരമായ സാഹസ പ്രകടനങ്ങൾ ചർച്ചാ വിഷയമായിരുന്നു. കെട്ടിടത്തിൽ വലിഞ്ഞു കയറി പടമെടുത്ത ഒരാളെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മറ്റൊരാൾ നിയമനടപടി ഭയന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്തു.
അപകടകരമായ ചിത്രമെടുത്ത റഷ്യൻ മോഡലിനെക്കൊണ്ട് ഇനി മേൽ ഇത്തരം ചെയ്തികളുണ്ടാവില്ലെന്ന് ഉറപ്പെഴുതിക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.