ഗസ്സയിലേക്ക് 1.5 കോടി ഡോളർ അനുവദിച്ച് യു.എ.ഇ
text_fieldsദുബൈ: ഗസ്സയിലേക്ക് സമുദ്ര മാർഗം സഹായം എത്തിക്കുന്നതിന് 1.5കോടി ഡോളർ അനുവദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. സൈപ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമുദ്ര ദൗത്യത്തിലേക്കാണ് സഹായം നൽകുക.
നേരത്തേ യു.എ.ഇയും സൈപ്രസും വേൾഡ് സെൻട്രൽ കിച്ചണും സഹകരിച്ച് വടക്കൻ ഗസ്സയിലേക്ക് സമുദ്ര ഇടനാഴി വഴി സഹായമെത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്. ഗസ്സയിലെ മാനുഷിക ദുരിതം കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് ഫണ്ട് അനുവദിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അതിനിടെ, വടക്കൻ ഗസ്സയിലേക്ക് ആദ്യമായി കരമാർഗം ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ കഴിഞ്ഞ ദിവസം യു.എ.ഇക്ക് സാധിച്ചു.
370 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് 17 ട്രക്കുകളിലായി എത്തിച്ചത്. ചൊവ്വാഴ്ച ഖറം അബൂസലീം അതിർത്തി കടന്നാണ് ട്രക്കുകൾ വടക്കൻ ഗസ്സയിലേക്ക് പ്രവേശിച്ചത്. ആദ്യമായാണ് വടക്കൻ ഗസ്സയിലേക്ക് റോഡ് മാർഗം ദുരിതാശ്വാസമെത്തിക്കാൻ സാധിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഭക്ഷണവും മരുന്നും ഉൾപ്പെടെ 370 ടൺ ഉൽപന്നങ്ങൾ ട്രക്കുകളിലുണ്ടായിരുന്നു. റമദാനിൽ ഇതുവരെ 2,102 ടൺ ദുരിതാശ്വാസ വസ്തുക്കൾ വിവിധ മാർഗങ്ങളിലായി ഗസ്സയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. റമദാനിൽ ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രങ്ങളും യു.എ.ഇ ഗസ്സയിലെത്തിച്ചിരുന്നു. വിവിധ വസ്ത്രങ്ങൾ അടങ്ങിയ 4,000 പാർസലുകളാണ് വിമാനത്തിൽ എത്തിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ജോയന്റ് ഓപറേഷൻസ് കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. യു.എ.ഇ നടത്തിവരുന്ന ‘നന്മയുടെ പറവകൾ’ എന്നുപേരിട്ട കാമ്പയിനിന്റെ ഭാഗമായാണ് സഹായം എത്തിച്ചിട്ടുള്ളത്. വസ്ത്രങ്ങൾ, ഷൂസ്, ടോയ്സ്, മധുര വിഭവങ്ങൾ, കുടുംബങ്ങൾക്ക് ഉപയോഗിക്കാനുള്ള മറ്റു വസ്തുക്കൾ എന്നിവ പാർസലിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.