ഗസ്സ പുനർനിർമാണത്തിന് 50 ലക്ഷം ദിർഹം അനുവദിച്ച് യു.എ.ഇ
text_fieldsദുബൈ: ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയിലെ നഗരങ്ങൾ പുനർനിർമിക്കാൻ യു.എ.ഇ 50 ലക്ഷം ദിർഹം അനുവദിച്ചു. ഗസ്സ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ, പുനർനിർമാണ കോഓഡിനേറ്റർ സിഗ്രിക് കാഗിനാണ് ഫണ്ട് കൈമാറുക.
ഗസ്സയിൽ സന്ദർശനം നടത്തിയ ഇവർ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സയിലെ മാനുഷിക സ്ഥിതികൾ ഇരുവരും ചർച്ച ചെയ്യുകയും യുദ്ധഫലമായി ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഫലസ്തീൻ ജനത കടന്നുപോകുന്നതെന്നും അവർ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ഗസ്സ പുനർനിർമാണത്തിനുള്ള സഹായ ധനം പ്രഖ്യാപിച്ചത്. ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമാണെന്ന് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയിലേക്ക് മാനുഷിക ദുരിതാശ്വാസവും വൈദ്യസഹായവും എത്തിക്കുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ മുനമ്പിലെ 30 ശതമാനം കെട്ടിടങ്ങളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി യു.എൻ സാറ്റ്ലൈറ്റ് സെന്റർ വ്യക്തമാക്കിരുന്നു. 69,147 കെട്ടിടങ്ങളെ യുദ്ധം കാര്യമായി ബാധിച്ചിട്ടുണ്ട്. 22,131 കെട്ടിടങ്ങളാണ് തകർന്നതായി കണ്ടെത്തിയിരിക്കുന്നത്. 14,066 കെട്ടിടങ്ങൾക്ക് കാര്യമായ തകരാറുകൾ സംഭവിക്കുകയും 32,950 കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഗസ്സക്ക് സഹായം നൽകുന്നതിനായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഗാലന്റ് നൈറ്റ് 3 സംരംഭം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗസ്സ മുനമ്പിലെ യു.എ.ഇ ഫീൽഡ് ആശുപത്രിയിൽ നിന്ന് ചികിത്സക്കായി ഒമ്പതാമത്തെ ബാച്ചും കഴിഞ്ഞ ദിവസം അബൂദബിയിൽ എത്തിയിരുന്നു. കൂടാതെ ഗസ്സയിലെ ഫലസ്തീൻ ജനതക്ക് കുടിവെള്ളം ഉറപ്പുവരുത്താൻ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റും യു.എ.ഇ നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.