ഛാദിൽ കുടിവെള്ളത്തിനായി കിണർ നിർമിച്ച് യു.എ.ഇ
text_fieldsദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആഫ്രിക്കൻ രാജ്യമായ ഛാദിൽ കുടിവെള്ളത്തിനായി യു.എ.ഇ ഒരു കിണർ കൂടി നിർമിച്ചുനൽകി. അംദ്ജരസ് സിറ്റിയിലാണ് 180 മീറ്റർ ആഴമുള്ള കിണർ നിർമിച്ചത്. കോംഗോ മേഖലയിലെ നാല് ഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും. കിണറിൽ നിന്ന് മണിക്കൂറിൽ 200 ലിറ്റർ വെള്ളം പമ്പു ചെയ്യാൻ കഴിയുന്ന മോട്ടോർ പമ്പുകളും ഘടിപ്പിച്ചിട്ടുണ്ട്.
എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രതിനിധികൾ, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, വിദേശ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള ഓഫിസ് ഉദ്യോഗസ്ഥർ എന്നിവർ കിണർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇക്കഴിഞ്ഞ മാസങ്ങളിൽ ചാഡിലെ സുഡാനി അഭയാർഥികൾക്കായി ഭക്ഷ്യ വസ്തുക്കൾ, ടെന്റ്, വൈദ്യ സഹായം എന്നിവ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സുഡാനിലുണ്ടായ ആഭ്യന്തര യുദ്ധത്തെ തുടർന്ന് ആയിരക്കണിന് പൗരന്മാരാണ് ഛാദിൽ അഭയം തേടിയിരിക്കുന്നത്. ഇവർക്കായി ആഗസ്റ്റിൽ യു.എ.ഇ ഛാദിൽ വിദേശ സഹായ ഏകോപന ഓഫിസ് തുറന്നിരുന്നു. ഇതുവഴി 200 ഭക്ഷ്യ കിറ്റുകൾ വിവിധ ഗ്രാമങ്ങളിൽ വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.