ദേശീയദിനത്തിൽ യു.എ.ഇ 1000 ദിർഹമിന്‍റെ പുത്തൻ നോട്ട് പുറത്തിറക്കി
text_fieldsദുബൈ: 51ാമത് ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്ക് വെള്ളിയാഴ്ച പുതിയ കറൻസി പുറത്തിറക്കി. ആയിരം ദിർഹമിന്‍റെ പോളിമർ കറൻസി നോട്ടുകളാണ് ബാങ്ക് പുറത്തിറക്കിയത്. സാധാരണ കടലാസ് കറൻസികൾ പകരമാണ് ഏറെ കാലം നിലനിൽക്കുന്ന പോളിമർ കറൻസികൾ പുറത്തിറക്കുന്നത്.
അനുകരിക്കാൻ കഴിയാത്ത സുരക്ഷാ സംവിധാനങ്ങൾ പുതിയ കറൻസിയുടെ പ്രത്യേകതയാണെന്ന് സെൻട്രൽബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടി. നേരത്തേ അഞ്ച്, പത്ത്, അമ്പത് ദിർഹമിന്റെ പോളിമർ കറൻസികൾ യു.എ.ഇ പുറത്തിറക്കിയിരുന്നു.
രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ ചിത്രങ്ങൾക്കൊപ്പം രാജ്യത്തിന്‍റെ സമീപകാല ശാസ്ത്ര മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നതിന് ആദ്യ ആണവോർജ നിലയമായ അൽബറഖ പ്ലാന്‍റ്, ചൊവ്വാ ദൗത്യമായ ഹോപ് പ്രോബ് എന്നിവയുടെ ചിത്രങ്ങളും ആയിരം ദിർഹം നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
1976ൽ ശൈഖ് സായിദും 'നാസ'യുടെ സംഘവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ എടുത്ത ചിത്രമാണ് ഇതിൽ ഉപയോഗിച്ചത്. ഒരു ബഹിരാകാശയാത്രികന്‍റെ ചിത്രം സുരക്ഷാ അടയാളമായി നോട്ടിന്‍റെ ഇരുവശത്തും ദൃശ്യമാകുന്ന രൂപത്തിൽ നൽകിയിട്ടുമുണ്ട്. യു.എ.ഇയുടെ മറ്റൊരു ആഗോള നേട്ടമെന്ന നിലയിലാണ് നോട്ടിന്‍റെ പിൻഭാഗത്ത് അബൂദാബിയിലെ അൽബറഖ ആണവോർജ്ജ പ്ലാന്‍റിന്‍റെ ചിത്രം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.