ഭക്ഷ്യ, പാനീയ കയറ്റുമതിയില്‍ വൻ വളർച്ച നേടി യു.എ.ഇ
text_fieldsഅബൂദബി: ഈ വർഷം ആദ്യ പകുതിയില്‍ ഭക്ഷണ, പാനീയ കയറ്റുമതിയില്‍ യു.എ.ഇ 19 ശതമാനം വര്‍ധന കൈവരിച്ചതായി അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എ.ഡി.സി.സി.ഐ) അറിയിച്ചു. മേഖലയില്‍നിന്നുള്ള വരുമാനം 14100 കോടി ദിര്‍ഹമായി ഉയരുമെന്നും എ.ഡി.സി.സി.ഐ വ്യക്തമാക്കി. ആഗോള ഭക്ഷ്യവാരം 2024നോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് എ.ഡി.സി.സി.ഐ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭക്ഷ്യ പാനീയങ്ങളുടെ ഓണ്‍ലൈന്‍ വില്പന 2025ഓടെ 230 കോടി ദിര്‍ഹം ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജനുവരിമുതല്‍ ഒക്ടോബര്‍വരെയുള്ള കാലയളവില്‍ 2540 പുതിയ കമ്പനികള്‍ ഭക്ഷ്യമേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എ.ഡി.സി.സി.ഐ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷകര്തൃത്വത്തിനു കീഴില്‍ സംഘടിപ്പിക്കുന്ന ആഗോള ഭക്ഷ്യവാരം 2024 കാര്‍ഷിക, ഭക്ഷ്യ ഉൽപാദനരംഗത്തെ വിദഗ്ധരെയും പണ്ഡിതരെയും അന്താരാഷ്ട്ര ബിസിനസുകാരെയും ഒരുമിപ്പിക്കുന്ന വേദിയാണ്.
അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടന്നുവരുന്ന പരിപാടി ഇന്ന് സമാപിക്കും. യു.എ.ഇ ഭക്ഷ്യ ‘സുരക്ഷാ നയം 2051’ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ബിസിനസ് സൗഹൃദ അന്തരീക്ഷം സാധ്യമാക്കാനുള്ള അബൂദബിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും എ.ഡി.സി.സി.ഐയുടെ സമര്‍പ്പണമാണ് ആഗോള ഭക്ഷ്യവാരത്തിലെ പങ്കാളിത്തം വ്യക്തമാക്കുന്നത്.
ഭക്ഷ്യ, പാനീയമേഖലയില് ആഗോള ഹബ്ബായി അബൂദബിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ആഗോള ഭക്ഷ്യവാരത്തിലെ തങ്ങളുടെ പങ്കാളിത്തമെന്ന് എ.ഡി.സി.സി.ഐ സെക്കന്‍ഡ് വൈസ് ചെയര്മാന് ഷമിസ് അലി ഖല്‍ഫന്‍ അല്‍ ധാഹിരി ചൂണ്ടിക്കാട്ടി. അബൂദബി അന്താരാഷ്ട്ര ഭക്ഷ്യ പ്രദര്‍ശനം 2024ല്‍ എ.ഡി.സി.സി.ഐ ഏഴ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആതിഥ്യം വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തങ്ങളുടെ നവീനതകളും ഉല്പന്നങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് കമ്പനികള്‍ക്ക് ഇതിലൂടെ എ.ഡി.സി.സി.ഐ നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.