സർവസജ്ജരായി യു.എ.ഇക്ക് രണ്ട് ബഹിരാകാശ യാത്രികർ കൂടി
text_fieldsദുബൈ: ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മുന്നേറുന്ന യു.എ.ഇക്ക് കരുത്തായി രണ്ടുപേർ കൂടി ‘നാസ’യിൽനിന്ന് ബിരുദം സ്വീകരിച്ചു. യു.എസിലെ ഹൂസ്റ്റണിൽ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ചൊവ്വാഴ്ചയാണ് യു.എ.ഇയുടെ നൂറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുഅല്ലയും ബിരുദം സ്വീകരിച്ചത്. ചടങ്ങിൽ യു.എ.ഇ യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ അൽ നിയാദി, മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലീം അൽ മർറി, യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട് യു.എ.ഇ സ്വീകരിക്കുന്ന ബഹുമുഖമായ സമീപനത്തിന്റെ നേട്ടമാണ് നൂറയുടെയും മുഹമ്മദിന്റെയും ബിരുദം സ്വീകരിക്കലെന്നും, ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും യു.എ.ഇയെ മുൻനിര ശക്തിയായി ഉയർത്തുന്നതാണിതെന്നും സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലീം അൽ മർറി പ്രസ്താവനയിൽ പറഞ്ഞു.
യു.എ.ഇയുടെ ബഹിരാകാശ പദ്ധതിയുടെ രണ്ടാം ബാച്ചിലെ അംഗങ്ങളായ ഇരുവരും നാസ അസ്ട്രോണറ്റ് ക്ലാസ് ടെയ്നിങ് പ്രോഗ്രാം-2021ൽ പരിശീലനം ആരംഭിച്ചവരാണ്. 2022 ജനുവരിയിൽ ആരംഭിച്ച പരിശീലനം രണ്ടുവർഷത്തിലേറെ സമയമെടുത്താണ് പൂർത്തിയാകുന്നത്. വിവിധതരം ബഹിരാകാശ ദൗത്യങ്ങൾക്ക് സജ്ജമാക്കുന്ന രൂപത്തിൽ വ്യത്യസ്ത പരിശീലനങ്ങളാണ് ഇവർ പൂർത്തീകരിച്ചിട്ടുള്ളത്. ബഹിരാകാശ നടത്തം, റോബോട്ടിക്സ്, സ്പേസ് സ്റ്റേഷൻ സിസ്റ്റംസ്, റഷ്യൻ ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. 10 ബഹിരാകാശ യാത്രികരാണ് ഇവരുടെ ബാച്ചിലുണ്ടായിരുന്നത്. കോഴ്സ് പൂർത്തിയാകുന്നതോടെ ഇവർക്കെല്ലാം ‘അസ്ട്രോണറ്റ് പിൻ’ നൽകും. ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് യോജിച്ചവരാണ് ഇവരെന്ന് സൂചിപ്പിക്കുന്നതാണ് ‘അസ്ട്രോണറ്റ് പിൻ’. അതോടൊപ്പം നിലവിലെ ദൗത്യങ്ങളിൽ പങ്കുവഹിക്കാനും ഇവർക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.