യു.എ.ഇ-ഐ.എം.എഫ് ചർച്ച സാമ്പത്തിക പുരോഗതി വിലയിരുത്തി
text_fieldsദുബൈ: രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിന് യു.എ.ഇ ധനമന്ത്രാലയ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്) പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ കൈവരിച്ച സാമ്പത്തിക പുരോഗതി, മന്ത്രാലയവും ഏഴ് എമിറേറ്റുകളും തമ്മിലുള്ള സാമ്പത്തിക ഏകോപനം, കോർപറേറ്റ് നികുതി, പൊതുവരുമാനവും ചെലവും, ഗ്രീൻ ഫിനാൻസ്, കടം, വിതരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. സാമ്പത്തിക നയങ്ങൾ സംബന്ധിച്ച് ഐ.എം.എഫിലെ വിദഗ്ധരുടെ ശിപാർശകൾ പരമാവധി പ്രയോജനപ്പെടുത്താനും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് സർക്കാറിന്റെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്താനും ധനമന്ത്രാലയം താൽപര്യപ്പെടുന്നതിനാലാണ് കൂടിക്കാഴ്ചയെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് അൽ ഖൂരി പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി മൂലമുണ്ടായ മാന്ദ്യത്തിൽനിന്ന് യു.എ.ഇ സമ്പദ്വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കയാണ്. സർക്കാറിന്റെ വിവിധ സംരംഭങ്ങളുടെയും ഉയർന്ന എണ്ണവിലയുടെയും ബലത്തിൽ ഈ വർഷം സാമ്പത്തിക പുരോഗതിയുടെ വേഗം മെച്ചപ്പെട്ടിരിക്കയാണ്. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, 2021ൽ 3.8 ശതമാനം വർധിച്ച രാജ്യത്തിന്റെ സാമ്പത്തിക ഉൽപാദനം 2022ലും 2023ലും യഥാക്രമം 5.4 ശതമാനവും 4.2 ശതമാനവും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പുരോഗതിയുടെ വിവിധ വശങ്ങൾ ഐ.എം.എഫ് പ്രതിനിധികളുമായി ചർച്ച ചെയ്തിരിക്കുന്നത്. യു.എ.ഇ കാബിനറ്റ് കഴിഞ്ഞ മാസം 252.3 ബില്യൺ ദിർഹം ചെലവും 255.7 ബില്യൺ ദിർഹം വരുമാനവുമുള്ള 2023 മുതൽ 2026 വരെയുള്ള രാജ്യത്തിന്റെ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.