പണപ്പെരുപ്പം ഈ വർഷം കുറയുമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക്
text_fieldsദുബൈ: കഴിഞ്ഞ വർഷം ആഗോളതലത്തിൽ ദൃശ്യമായ പണപ്പെരുപ്പ സമ്മർദം യു.എ.ഇയിൽ ഈ വർഷം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ സെൻട്രൽ ബാങ്ക്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ രാജ്യം ശക്തമായ വളർച്ചാവേഗത നിലനിർത്തുന്നതിനായാണ് നേട്ടം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം യു.എ.ഇയിലെ പണപ്പെരുപ്പം അന്താരാഷ്ട്ര ശരാശരിയായ 8.8 ശതമാനത്തിനും താഴെയായിരുന്നു. ബാങ്ക് സ്വീകരിച്ച നടപടികളും നയവുമാണ് ഇത്തരമൊരു മുന്നേറ്റത്തിന് കാരണമായതെന്ന് ബാങ്ക് ചെയർമാൻ കൂടിയായ യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നതിന് ബാങ്കിന്റെ ഡിജിറ്റൽവത്കരണം ആരംഭിക്കാൻ സെൻട്രൽ ബാങ്ക് ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിപുലമായ സംരംഭങ്ങൾക്ക് ഗുണകരമാകുന്ന നടപടി എന്നനിലയിൽ കൂടിയാണ് പദ്ധതി നടപ്പിൽവരുത്തുന്നത്. ബാങ്കിന്റെ അഡ്മിനിസ്ട്രേഷൻ, നേതൃസ്ഥാനങ്ങൾ എന്നിവയുടെ സ്വദേശിവത്കരണം തുടരുമെന്നും ശൈഖ് മൻസൂർ പറഞ്ഞു. നിലവിലിത് 65 ശതമാനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശക്തമായ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചയും മിതമായ പണപ്പെരുപ്പവും ആസ്വദിക്കുന്ന യു.എ.ഇ 2022ൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ്. വർധിച്ചുവരുന്ന ഇന്ധനവിലയും പ്രോപ്പർട്ടി മേഖലയിലും ടൂറിസത്തിലുമുള്ള കുതിച്ചുചാട്ടവുമാണ് സമ്പദ്വ്യവസ്ഥയെ ശക്തമായി നിലനിർത്തുന്നത്. മൊത്തത്തിൽ യു.എ.ഇയുടെ ജി.ഡി.പി കഴിഞ്ഞ വർഷം 7.6 ശതമാനമാണ് വർധിച്ചത്. 2021 ൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്. ഈ വർഷം 3.9 ശതമാനം വളർച്ച കൈവരിക്കുമെന്നും 2024ൽ 4.3 ശതമാനമായി ഉയരുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.