തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ്;പിഴ ശമ്പളത്തിൽനിന്ന് പിടിക്കും
text_fieldsദുബൈ: തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസിൽ ചേരാത്ത ജീവനക്കാർക്കുള്ള പിഴ ശമ്പളത്തിൽ നിന്ന് പിടിക്കും. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂൺ 30 ആണ് ഇൻഷുറൻസിൽ ചേരാനുള്ള അവസാന തീയതി. ഇതിന് ശേഷവും ചേരാത്തവർക്ക് 400 ദിർഹമാണ് പിഴ.
പ്രീമിയം അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ 200 ദിർഹവും പിഴ അടക്കണം. ഫ്രീസോൺ കമ്പനികളിലെ ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, സ്ഥാപന ഉടമകൾ, നിക്ഷേപകർ തുടങ്ങിയവർ ഒഴികെയുള്ളവരാണ് ഇൻഷുറൻസിൽ ചേരേണ്ടത്. പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർ നാല് മാസത്തിനുള്ളിൽ ചേരണം.
പിഴ എങ്ങനെയാണ് അടക്കേണ്ടത് എന്ന ഭാഗത്താണ് ശമ്പളത്തിൽ നിന്ന് പിടിക്കുന്ന കാര്യം പറയുന്നത്. മൂന്ന് മാസത്തിൽ കൂടുതൽ പിഴ അടക്കാതിരുന്നാൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയോ സർവിസ് ഗ്രാറ്റ്വിറ്റിയിൽ നിന്നോ മന്ത്രാലയം അനുശാസിക്കുന്ന മറ്റേതെങ്കിലും മാർഗം വഴിയോ ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കാം എന്നാണ് നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടക്കാത്തവർ പുതിയ തൊഴിൽ പെർമിറ്റെടുക്കാൻ യോഗ്യരായിരിക്കില്ല.
മൂന്ന് മാസം പ്രീമിയം അടക്കുന്നത് വൈകിയാൽ 200 ദിർഹം പിഴക്ക് പുറമെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്യും. ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലുടമയും ജീവനക്കാരനും ഒത്തുകളിച്ചാൽ ഓരോ കേസിനും 20,000 ദിർഹം അഡ്മിനിസ്ട്രേറ്റിവ് പിഴ അടക്കേണ്ടി വരും. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ആപ്, സർവിസ് സെന്റർ എന്നിവ വഴി പിഴ അടക്കാം. തവണകളായി പിഴ അടക്കാനും അപേക്ഷിക്കാം. ഓരോ െക്ലയിമും 30 ദിവസത്തിനകം അടക്കണം.
ഇൻഷുറൻസ് പ്രാബല്യത്തിൽ വന്ന ആദ്യ രണ്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 60,000 പേരാണ്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് 60 ദിർഹം അടച്ചാൽ ഒരുവർഷം പദ്ധതിയുടെ ഭാഗമാകാം. മാസത്തിലാണ് അടക്കുന്നതെങ്കിൽ അഞ്ച് ദിർഹം വീതം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർക്ക് 120 ദിർഹം അടച്ച് ഒരുവർഷത്തേക്ക് ചേരാം. മാസം 10 ദിർഹമാണ് അടവ്. 3, 6, 9 മാസങ്ങളിലേക്ക് പ്രീമിയം ഒരുമിച്ച് അടക്കാനും സൗകര്യമുണ്ട്. ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷുറൻസായി ലഭിക്കുക. 16,000 ദിർഹമിന് മുകളിലുള്ളവർക്ക് പരമാവധി 20,000 ദിർഹം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇൻഷുറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്ന് മാസം വരെയാണ് ഇൻഷുറൻസ് തുക ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.