ലോകകപ്പ് ആവേശത്തിലേക്ക് യു.എ.ഇയും
text_fieldsദുബൈ: കാൽപന്ത് കളിയുടെ ലോകമാമാങ്കത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ച് യു.എ.ഇയും. അയൽപക്കത്ത് നടക്കുന്ന ലോകമേളയെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലെ കായിക ലോകവും. ലോകകപ്പ് ട്രോഫിയുടെ വിദേശരാജ്യങ്ങളിലെ പ്രയാണത്തിന്‍റെ തുടക്കം ദുബൈയിൽ നിന്നായിരുന്നു. ജി.സി.സിയിൽ നടക്കുന്ന പ്രഥമ ലോകകപ്പിൽ ദുബൈയുടെ സ്ഥാനമെന്താണെന്ന് വിളിച്ചറിയിച്ചാണ് ട്രോഫി പ്രയാണം തുടങ്ങിയത്. ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾക്ക് വരും ദിനങ്ങളിലും ദുബൈ നഗരം സാക്ഷ്യം വഹിക്കുമെന്നുറപ്പ്.
ഖത്തർ ലോകകപ്പിലേക്കെത്തുന്ന കാണികളിൽ നല്ലൊരു ശതമാനവും യു.എ.ഇയും സന്ദർശിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ഇൻഫെന്‍റിനോ അടുത്തിടെ പറഞ്ഞിരുന്നു. ചെറിയ രാജ്യമായ ഖത്തറിൽ സന്ദർശകർക്ക് താമസിക്കാൻ പരിമിതമായ സൗകര്യമാണുള്ളത്. ഈ സാഹചര്യത്തിൽ, കാണികളിൽ നല്ലൊരു ശതമാനവും യു.എ.ഇയിൽ താമസയിടം തേടിയെത്തും. വിമാനത്തിൽ മുക്കാൽ മണിക്കൂർ കൊണ്ട് യു.എ.ഇയിൽ നിന്ന് ദോഹയിൽ എത്താൻ കഴിയും. വിസ നടപടികൾ അനായാസം നടക്കും. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തി നിരക്കിളവ് പ്രാബല്യത്തിലാക്കുമെന്നും കാണികൾ പ്രതീക്ഷിക്കുന്നു. യൂറോപ് ഉൾപെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് ഖത്തറും യു.എ.ഇയും ഒരുമിച്ച് സന്ദർശിക്കാനുള്ള അവസരമായിരിക്കും ഈ ലോകകപ്പ് ഒരുക്കുക.
ഹോട്ടൽ ഹോസ്പിറ്റാലിറ്റി മേഖലയും പ്രതീക്ഷയിലാണ്. എക്സ്പോ നൽകിയ ഊർജം ഹോട്ടൽ മേഖലക്ക് ഉണർവേകിയിരുന്നു. എന്നാൽ, എക്സപോ കഴിഞ്ഞ് വേനൽകാലമായതോടെ റസ്റ്റാറൻറുകൾക്ക് ചെറിയ ക്ഷീണം തട്ടിയിട്ടുണ്ട്. ലോകകപ്പ് എത്തുന്നതോടെ ഈ അവസ്ഥക്ക് മാറ്റമുണ്ടായി വീണ്ടും ഉണർവിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇതിന്‍റെ സൂചനയായി നവംബർ മാസങ്ങളിൽ ഹോട്ടൽ ബുക്കിങ്ങുകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ലോകകപ്പിനോട് അടുക്കുമ്പോഴായിരിക്കും കൂടുതൽ ബുക്കിങ് എത്തുക. വിസയും ടിക്കറ്റും ഉൾപെട്ട പാക്കേജുകളും ഹോട്ടലുകൾ തയാറാക്കുന്നുണ്ട്.
റോഡ് മാർഗവും ഖത്തറിലേക്ക് പോകാം എന്നത് മറ്റൊരു സൗകര്യമാണ്. സൗദി വഴി അതിർത്തി കടന്ന് ഖത്തറിലെത്താം. ഇത്തരം പാക്കേജുകളും വരും ദിവസങ്ങളിൽ അവതരിപ്പിക്കപ്പെടും. എക്പോ നഗരിയായ ഡിസ്ട്രിക്ട് 2020 കൂടി യാഥാർഥ്യമാകുന്നതോടെ യു.എ.ഇയിലെത്താനുള്ള ആവേശവും കൂടും.
ഇതിലെല്ലാമുപരി, യു.എ.ഇ ഫുട്ബാൾ ടീം ലോകകപ്പിന് യോഗ്യത നേടുമെന്ന പ്രതീക്ഷയും ഈ രാജ്യത്തിന്‍റെ ആവേശം ഇരട്ടിപ്പിക്കുന്നു. രണ്ട് മത്സരങ്ങൾ കൂടി ജയിച്ചാൽ യു.എ.ഇക്ക് ഖത്തർ ലോകകപ്പ് യോഗ്യത ലഭിക്കും. പക്ഷെ, രണ്ടും കരുത്തരായ എതിരാളികളാണ്. ജൂൺ ഏഴിന് നടക്കുന്ന േപ്ല ഓഫിൽ ആസ്ട്രേലിയയാണ് യു.എ.ഇയുടെ ആദ്യ എതിരാളികൾ. ജീവൻമരണ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ യു.എ.ഇ യോഗ്യത നേടാതെ പുറത്താവും. ജയിച്ചാൽ, ജൂൺ 13ന് പെറുവിനെ നേരിടാം.
ലാറ്റിൻ അമേരിക്കയിൽ ബ്രസീലിനെയും അർജന്‍റീനയെയും വിറപ്പിക്കുന്ന പെറുവിനെ മറികടക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ, കഴിഞ്ഞ യോഗ്യത മത്സരത്തിൽ ദക്ഷിണ കൊറിയയെ തോൽപിച്ച യു.എ.ഇക്ക് ഇത് അസാധ്യമായ കാര്യവുമല്ല. ഖത്തറിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരവും ജയിച്ചാൽ യു.എ.ഇക്ക് ഖത്തർ ലോകകപ്പിൽ പന്തുതട്ടാം. ഗ്രൂപ്പ് ഡിയിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിനും ഡെൻമാർക്കിനും ടുണീഷ്യക്കുമൊപ്പമായിരിക്കും ഈ മത്സരത്തിലെ വിജയികൾ കളിക്കുക.
ലോകകപ്പ് ട്രോഫി പര്യടനത്തിനായി വീണ്ടും യു.എ.ഇയിൽ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം കാണികൾക്ക് ട്രോഫി കാണാൻ അവസരമുണ്ടായിരുന്നില്ല. ലോക പര്യടനത്തിന് ശേഷം വീണ്ടും യു.എ.ഇയിൽ എത്തി കാണികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.