കോടീശ്വരന്മാരുടെ ഇഷ്ടനാടായി യു.എ.ഇ
text_fieldsദുബൈ: ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ കോടിപതികൾ കുടിയേറുന്ന രാജ്യമായി യു.എ.ഇ. ഹെൻലി ഗ്ലോബൽ സിറ്റിസൺസ് റിപ്പോർട്ടിലാണ് മുൻനിര രാജ്യങ്ങളെ പിന്തള്ളി കോടീശ്വരന്മാരുടെ ഇഷ്ടനാടായി ഇമാറാത്ത് മാറിയത്.
ആസ്ട്രേലിയ, സിംഗപ്പൂർ, ഇസ്രായേൽ, സ്വിറ്റ്സർലൻഡ്, യു.എസ്.എ, കാനഡ, ന്യൂസിലൻഡ്, യു.കെ അടക്കമുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് സമ്പന്നരുടെ സ്വപ്ന നാടായി യു.എ.ഇ മാറിയത്. ഈ വർഷം മാത്രം 4000 സമ്പന്നരാണ് രാജ്യത്തേക്ക് കുടിയേറുക. നിലവിൽ 10 ലക്ഷം ഡോളറിലേറെ സമ്പത്തുള്ള 92,600 പേർ ഇവിടെ കഴിയുന്നുണ്ട്. ഇവരിൽ നാലായിരം പേർ ഒരു കോടി ഡോളറിലേറെയും 251 പേർ 10 കോടി ഡോളറിലേറെയും സമ്പത്തുള്ളവരാണ്.
കോവിഡിന്റെ വിജയകരമായ പ്രതിരോധവും എക്സ്പോ 2020 ദുബൈയുടെ നടത്തിപ്പുമാണ് സമ്പന്നർക്കിടയിൽ യു.എ.ഇയുടെ സ്വീകാര്യത വർധിപ്പിച്ച പ്രധാന ഘടകം. നിക്ഷേപകർക്ക് ആത്മവിശ്വാസം വളർന്നതോടെ വലിയ രീതിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം നിക്ഷേപം വർധിച്ചതായും കണക്കുകൾ കാണിക്കുന്നു. സമ്പന്നരെയും പ്രതിഭകളെയും ആകർഷിക്കുന്നതിനായി വിസ-കുടിയേറ്റ നിയന്ത്രണങ്ങളിൽ സ്വീകരിച്ച ചടുലമായ സമീപനങ്ങളും ഈ മാറ്റത്തിന് കാരണമാണ്. ഗോൾഡൻ വിസയും മറ്റു വിസ പരിഷ്കരണങ്ങളുമാണ് ഇതിൽ പ്രധാനമായുള്ളത്. ഒരു രാജ്യത്തേക്ക് കുടിയേറുകയും ആറു മാസത്തിലധികം കഴിയുകയും ചെയ്യുന്നവരെ മാത്രമേ ഹെൻലി ഗ്ലോബൽ സിറ്റിസൺസ് റിപ്പോർട്ടിലെ പട്ടികയിൽ പരിഗണിക്കാറുള്ളൂ. 'ന്യൂ വേൾഡ് വെൽത്താ'ണ് ഹെൻലി ഗ്ലോബൽ സിറ്റിസൺസിനു വേണ്ടി പഠനം നടത്തിയത്. കുറഞ്ഞ കുറ്റകൃത്യനിരക്ക്, ചുരുങ്ങിയ നികുതിനിരക്കുകൾ, ആകർഷകമായ ബിസിനസ് അവസരങ്ങൾ എന്നിവ കൂടുതലായുള്ള രാജ്യങ്ങളിലേക്കാണ് സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും കുടിയേറ്റത്തിന് തെരഞ്ഞെടുക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ആൻഡ്രൂ അമോയിൽസ് പറഞ്ഞു. ജീവിതശൈലിയുടെ കാര്യത്തിൽ, ഏറ്റവും മികച്ച അപ്പാർട്ട്മെൻറുകളും വില്ലകളും ലോകോത്തര ഷോപ്പിങ് മാളുകളും റസ്റ്റാറന്റുകളുമുള്ള ആഡംബര കേന്ദ്രമെന്നതും യു.എ.ഇയെ തെരഞ്ഞെടുക്കാൻ സമ്പന്നരെ പ്രചോദിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ യുദ്ധം കാരണമായി നിരവധി സമ്പന്നർ റഷ്യ വിട്ടുപോയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.