ബ്രിക്സിൽ അതിസമ്പന്ന രാജ്യമായി യു.എ.ഇ
text_fieldsദുബൈ: ബ്രിക്സ് അംഗങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യമായി യു.ഇ.എ. 1,03,500 ഡോളർ (3,80,000 ദിർഹം) ആണ് യു.എ.ഇയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം. ബ്രിക്സിലെ രണ്ടാമത്തെ സമ്പന്ന രാജ്യമായ സൗദി അറേബ്യയേക്കാൾ രണ്ട് മടങ്ങ് അധികമാണ് യു.എ.ഇ ജനതയുടെ പ്രതിശീർഷ വരുമാനം.
സൗദി അറേബ്യയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം 54,000 ഡോളറാണ്. ഗൾഫ് രാജ്യങ്ങൾക്ക് ശേഷം ചൈന (18,800 ഡോളർ), റഷ്യൻ ഫെഡറേഷൻ (16,000 ഡോളർ), ബ്രസീൽ (10,400 ഡോളർ), ഇന്ത്യ (6,800 ഡോളർ), ഇറാൻ (3,800 ഡോളർ), ഇത്യോപ്യ (12,00 ഡോളർ) എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ന്യൂവേൾഡ് വെൽത്തുമായി ചേർന്ന് ഹെൻലി ആൻഡ് പാർട്ണറാണ് ബ്രിക്സ് വെൽത്ത് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
അടുത്ത പത്തുവർഷത്തിനുള്ളിൽ യു.എ.ഇയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം 95 ശതമാനം വർധിക്കുമെന്ന സൂചനയാണ് നിലവിലെ വളർച്ച നിരക്ക് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം അടുത്ത വർഷത്തിനുള്ളിൽ 110 ശതമാനവും സൗദി അറേബ്യയുടേത് 105 ശതമാനവും വർധിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ആകർഷകമായ നിയമ ചട്ടക്കൂടിനെ പിന്തുണച്ചും നിക്ഷേപക സൗഹൃദനയങ്ങൾ നടപ്പാക്കിയും സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ യു.എ.ഇ മികവ് പുലർത്തിയെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ സി.ഇ.ഒ ഡോ. ജുർഗ് സ്റ്റെഫെൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.