യു.എ.ഇയും ഇസ്രായേലും പുതിയ ധാരണപത്രം ഒപ്പുവെച്ചു
text_fieldsദുബൈ: കൂടുതൽ മേഖലകളിൽ സജീവമായ സഹകരണം ലക്ഷ്യമാക്കി യു.എ.ഇയും ഇസ്രായേലും പുതിയ ധാരണപത്രം ഒപ്പുവെച്ചു. ടൂറിസം, സാമ്പത്തിക സഹകരണം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവയാണ് ധാരണപത്രത്തിൽ കരാറിലെത്തിയ വിഷയങ്ങൾ. എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനും സംരംഭകത്വ, ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രിയുമായ ഡോ. അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയും യു.എ.ഇ സന്ദർശനത്തിനെത്തിയ ഇസ്രായേൽ ടൂറിസം മന്ത്രി യോയൽ റസ്വോസോവുമാണ് ധാരണപത്രത്തിൽ ഒപ്പുെവച്ചത്.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം സാധാരണനിലയിലാക്കിയ അബ്രഹാം കരാറിന്റെ അടിസ്ഥാനത്തിലാണ് വിവിധ മേഖലകളിൽ സഹകരണത്തിന് തീരുമാനിച്ചതെന്ന് അൽ ഫിലാസി വ്യക്തമാക്കി. രാഷ്ട്രനേതൃത്വം വിഭാവനം ചെയ്തതുപോലെ യു.എ.ഇ ഒരു പ്രധാന ആഗോള, പ്രാദേശിക സാമ്പത്തിക, ടൂറിസം കേന്ദ്രമായി മാറിയിരിക്കുന്നു. ബിസിനസ് ടൂറിസം, ഷോപ്പിങ് ടൂറിസം, കോൺഫറൻസ് ടൂറിസം, സാഹസിക ടൂറിസം എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള ടൂറിസം അനുഭവങ്ങളും ലഭ്യമാക്കുന്നതിനായി രാജ്യം എല്ലാ ടൂറിസം സേവനങ്ങളും ഉൽപ്പന്നങ്ങളും വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പുതിയ കരാറും രൂപപ്പെടുത്തിയത് -അദ്ദേഹം കൂട്ടിച്ചേർത്തു. ധാരണപത്രം ഇസ്രായേൽ-ഇമാറാത്തി ബന്ധങ്ങളിലെ ചരിത്ര നിമിഷമാണെന്നും യു.എ.ഇയെ പിന്തുടർന്ന് എല്ലാ ഗൾഫ് സഹകരണ കൗൺസിൽ(ജി.സി.സി) രാജ്യങ്ങളും സമാന കരാറിലെത്തണമെന്നും ഇസ്രായേൽ മന്ത്രി യോയൽ റസ്വോസോവ് ആവശ്യപ്പെട്ടു. ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്തുകയും സമൃദ്ധിക്കും സുരക്ഷക്കും സ്ഥിരതക്കുമായി മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്നും ധാരണപത്രം ഒപ്പുവെക്കുന്നതിൽ പ്രവർത്തിച്ച സംയുക്ത സമിതിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരാർ പ്രകാരം ഇരുരാജ്യങ്ങളുടെയും വിനോദസഞ്ചാര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള നയങ്ങൾ ഇരുപക്ഷവും നടപ്പാക്കും. പൊതു-സ്വകാര്യ മേഖലകളിലെ ടൂറിസം സംഘടനകൾ തമ്മിലെ സഹകരണം വർധിപ്പിക്കാനും ആസൂത്രണം ചെയ്യുന്ന ടൂറിസം ഈവന്റുകൾ ഉൾപ്പെടെയുള്ള ടൂറിസം, യാത്ര വിവരങ്ങൾ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
2020 സെപ്റ്റംബറിൽ അബ്രഹാം ഉടമ്പടി ഒപ്പുെവച്ചതിനുശേഷം യു.എ.ഇയും ഇസ്രായേലും തമ്മിലെ ബന്ധം ശക്തിപ്പെട്ടുകൊണ്ടിരിക്കയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കരാർ ഒപ്പുവെച്ച് ഒരു വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം 70കോടി യു.എസ് ഡോളറായി വളർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.