മനുഷ്യക്കടത്ത് തടയാൻ : ഇൻറർപോളുമായി കൈകോർത്ത് യു.എ.ഇ
text_fieldsദുബൈ: മനുഷ്യക്കടത്ത് സംഘങ്ങളെ തടയാൻ ഇൻറർപോളിെൻറ നേതൃത്വത്തിൽ ആരംഭിച്ച 'ഓപറേഷൻ ലിബർഡെറ'യിൽ പങ്കാളിയായി യു.എ.ഇ. 47 രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന ഓപറേഷനിലൂടെ ഇതിനകം 430 പേരെ രക്ഷപ്പെടുത്തി.
ഈ മാസം ആരംഭത്തിൽ തുടക്കമിട്ട അന്താരാഷ്ട്ര നടപടിയിൽ വിവിധ ക്രിമിനൽ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 286 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യു.എ.ഇ ആഭ്യന്തര മന്ത്രാലയം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിവിധ രാജ്യങ്ങളിലെ നിയമപാലക സംവിധാനങ്ങൾ കൈകോർത്താണ് ഓപറേഷൻ നടപ്പാക്കിയത്. ജൂലൈ അഞ്ചുമുതൽ അഞ്ചുലക്ഷം പരിശോധനകളാണ് ചെക്ക്പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും രഹസ്യവിവരം ലഭിച്ച കേന്ദ്രങ്ങളിലും ഇൻറർപോൾ നേതൃത്വത്തിൽ നടന്നത്. നാലായിരം അനധികൃത കുടിയേറ്റക്കാരെയും ഓപറേഷനിൽ കണ്ടെത്തി. ഇവർ 74 രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇവരിൽ മിക്കവരും മെഡിക്കൽ, മാനസികാരോഗ്യ, താമസസൗകര്യ സഹായങ്ങൾ ആവശ്യമുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിജയകരമായ ഓപറേഷനിൽ ഇൻറർപോളിനെ സഹായിക്കാൻ കഴിഞ്ഞതായി യു.എ.ഇ ആഭ്യന്തര വകുപ്പിലെ ലഫ്. കേണൽ ദാന ഹുമൈദ് പറഞ്ഞു.
മനുഷ്യക്കടത്തിനെതിരായ പ്രചാരണത്തിൽ യു.എ.ഇ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. മാത്രമല്ല, മനുഷ്യക്കടത്തിനെതിരെ പോരാടുന്ന ശക്തമായ ദേശീയ അന്തർദേശീയ ശ്രമങ്ങളിൽ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്നിനുമെതിരായ യു.എൻ സമിതി, യൂറോപോൾ, ഖാർത്തൂം ആസ്ഥാനമായ ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ആൻഡ് റീജനൽ ഓപറേഷൻ സെൻറർ എന്നിവയുടെ സഹകരണത്തോടെയാണ് ഓപറേഷൻ നടന്നത്.
ഇൻറർപോളിെൻറ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ സജ്ജീകരിച്ച നാല് ഓപറേഷനൽ റൂമുകളിൽ ഒന്ന് അബൂദബിയിലാണ്.
സംരംഭത്തിൽ യു.എ.ഇ വഹിച്ച പങ്കിനെ ഇൻറർപോൾ ഡയറക്ടർ ഇലാന ഡി വൈൽഡ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.