യു.എ.ഇ-കോഴിക്കോട് റൂട്ട്; എയർ ഇന്ത്യ മാറി ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsദുബൈ: ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് പൂർണമായും നിർത്തുന്നു. ഈ സർവിസുകളുടെ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. സർവിസുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് എം.പി നൽകിയ കത്തിന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ എല്ലാ ദിവസവും ദുബൈയിൽനിന്നും കോഴിക്കോട്ടേക്ക് പുലർച്ച 2.20നും വൈകീട്ട് 4.05നും എയർ ഇന്ത്യ എക്സ്പ്രസിന് സർവിസ് ഉണ്ട്.
എയർ ഇന്ത്യയുടെ വിമാന സർവിസ് ദുബൈയിൽ നിന്ന് ഉച്ചക്ക് 1.10 നാണ്. മാർച്ച് 26 മുതൽ ഇതേ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു സർവിസുകളിലാണ് ബുക്കിങ് കാണിക്കുന്നത്. ഉച്ചക്ക് 12.30 നും രാത്രി 11.40 നും. ഇതോടെ ദുബൈയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിനും എയർ ഇന്ത്യക്കും കൂടിയുണ്ടായിരുന്ന മൂന്നു സർവിസുകൾക്ക് പകരം മാർച്ച് 26നു ശേഷം എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ടു സർവിസുകൾ മാത്രമാണ് ഉണ്ടാവുക. ഫലത്തിൽ ഒരു സർവിസ് പൂർണമായും പ്രവാസികൾക്ക് നഷ്ടമാകും.
ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് രാത്രി 11.45 നാണ് എയർ ഇന്ത്യ സർവിസ് ഉള്ളത്. മാർച്ച് 26 മുതൽ ഇതിന് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. രാത്രി 12.10ന് പുറപ്പെട്ട് പുലർച്ച 5.50ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് ഈ സർവിസിന്റെ സമയം. നിലവിൽ എല്ലാ ദിവസവും ഇതേ റൂട്ടിൽ ഉച്ചക്ക് 12.55ന് ഉണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് മാർച്ച് 26 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചക്ക് 1.10 ന് പുറപ്പെടുന്ന രീതിയിലാണ് ബുക്കിങ് കാണിക്കുന്നത്.
എയർ ഇന്ത്യയുടെ പിന്മാറ്റത്തോടെ ദുബൈയിൽനിന്നും ഷാർജയിൽനിന്നും കോഴിക്കോട്ടേക്കുള്ള സർവിസുകൾ എണ്ണത്തിൽ കുറവ് വരും. ഇത് തിരക്കുള്ള സമയങ്ങളിൽ പ്രവാസികളുടെ യാത്രാദുരിതത്തിന് ആക്കം കൂട്ടം. എയർ ഇന്ത്യ സർവിസുകൾ സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങുമ്പോൾ മറ്റ് എയർ ഇന്ത്യ വിമാനങ്ങളിലാണ് നാട്ടിലേക്ക് അയച്ചിരുന്നത്. ഒരു സർവിസ് കൂടി കുറയുന്നതോടെ ദുരിതം ഇരട്ടിയാകുമെന്ന് ഉറപ്പ്. തിരക്ക് സീസണിൽ വിമാന നിരക്കും ഉയരും. ഇപ്പോൾ തന്നെ ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിലെ വിദ്യാലയങ്ങളിലെ വേനൽ അവധി മുന്നിൽകണ്ട് കേരളത്തിൽനിന്ന് യു.എ.ഇയിലേക്കും പെരുന്നാൾ അവധികളും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ യു.എഇ.യിലെ വിദ്യാലയങ്ങളിലെ വേനലവധി കണ്ട് യു.എ.ഇയിൽ നിന്നും കേരളത്തിലേക്കും വിമാന കമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
ടിക്കറ്റെടുത്തവർ എന്തുചെയ്യും?
നിർത്താൻ പോകുന്ന ദുബൈ- കോഴിക്കോട് റൂട്ടിൽ എയർഇന്ത്യ വേനൽക്കാല ഷെഡ്യൂൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പെരുന്നാൾ അവധികളും വിദ്യാലയങ്ങളിലെ വേനൽ അവധിയും മുന്നിൽക്കണ്ട് പലരും ഈ വിമാനത്തിൽ നേരത്തെ ടിക്കറ്റ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം മാത്രമാണ് മാർച്ച് 26 ന് ശേഷം ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കാൻ ട്രാവൽ ഏജൻസികൾക്ക് നിർദേശം ലഭിച്ചത്. ഇവരുടെ ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിലേക്ക് മാറ്റിനൽകുമെന്നാണ് എയർ ഇന്ത്യ ഓഫിസുകളിൽ ബന്ധപ്പെടുമ്പോൾ അറിയാൻ കഴിയുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ബജറ്റ് എയർലൈൻ ആയതുകൊണ്ട് എയർ ഇന്ത്യയിൽനിന്ന് ലഭിച്ച പല സൗകര്യങ്ങളും ആനുകൂല്യങ്ങളും യാത്രക്കാർക്ക് നഷ്ടമാകും. ബിസിനസ് ക്ലാസ്, രോഗികൾക്കുള്ള സ്ട്രച്ചർ സൗകര്യം, വിഭവസമൃദ്ധമായ ഭക്ഷണം, ടിക്കറ്റുകൾക്ക് റദ്ദ് ചെയ്യാനും തീയതി മാറ്റാനുമുള്ള പ്രത്യേകം ആനുകൂല്യങ്ങൾ തുടങ്ങിയവ ഇവയിൽപെടുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയുണ്ടായിരുന്നപ്പോൾ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചും എയർ ഇന്ത്യ സർവിസ് നടത്താറുണ്ടായിരുന്നു. എയർ ഇന്ത്യ പിന്മാറുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി ലഭിച്ചാലും പ്രവാസികൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യവും ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.