സുസ്ഥിരത; പുതിയ കാമ്പയിന് തുടക്കമിട്ട് യു.എ.ഇ
text_fieldsദുബൈ: കാലാവസ്ഥ വ്യതിയാനത്തിനെതിരെ രാജ്യം നടത്തുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ പൗരന്മാരെ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് പുതിയ കാമ്പയിൻ ആരംഭിച്ചു. സുസ്ഥിരത ആശയം മുൻനിർത്തി പ്രാദേശിക ഇമാറാത്തി പൗരന്മാർ നടപ്പാക്കിയ വിജയകഥകൾ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. വിദേശകാര്യ മന്ത്രിയും കാലാവസ്ഥ വ്യതിയാന ഉച്ചകോടിയായ കോപ്28ന്റെ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉന്നതാധികാര സമിതി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് ഞായറാഴ്ച പുതിയ ബോധവത്കരണ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യം നടത്തുന്ന പരിസ്ഥിതിസൗഹൃദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇടപഴകുന്നതിനും പിന്തുണക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കാമ്പയിൻ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
ഇതുവഴി കൂടുതൽ പേർ പരിസ്ഥിതി സംരക്ഷണ രംഗത്തേക്ക് കടന്നുവരുമെന്നും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഒക്ടോബറിൽ യു.എ.ഇ പ്രഖ്യാപിച്ച 2050ൽ നെറ്റ് സീറോ എമിഷൻ എന്ന നേട്ടം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ മിഡിലീസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഈ രംഗത്തുള്ള ആദ്യ പ്രഖ്യാപനമായിരുന്നു.
അടുത്ത 10 വർഷത്തിനുള്ളിൽ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനായി 50 ശതകോടി ഡോളർ നിക്ഷേപിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അതേസമയം, പ്രകൃതിസംരക്ഷണ രംഗത്ത് പ്രാദേശിക സമൂഹങ്ങളുടെ ഉദ്യമങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വാഗതംചെയ്യുന്നതായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മെഹൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.