ശുക്രനിലേക്ക് ബഹിരാകാശ ദൗത്യവുമായി യു.എ.ഇ
text_fieldsദുബൈ: ചന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്ക് ശേഷം ബഹിരാകാശത്തെ അൽഭുതങ്ങൾ തേടിയുള്ള യു.എ.ഇയുടെ സഞ്ചാരം പുതിയ ദിശയിലേക്ക് പ്രവേശിക്കുന്നു. ശുക്ര ഗ്രഹത്തിെൻറയും സൗരയൂഥത്തിലെ എഴ് ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതി ഇതിെൻറ ഭാഗമായി പ്രഖ്യാപിച്ചു.
രാജ്യത്തിെൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗാമായി അവതരിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായ ദൗത്യം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപിച്ചത്. ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 2028ലാണ് പര്യവേക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന മിക്ക ഉൽക്കകളുടെയും ഉൽഭസ്ഥാനമെന്ന നിലയിലാണ് ഇവിടം പഠനത്തിന് തിരഞ്ഞെടുത്തത്.
3.6 ബില്യൺ കിലോമീറ്റർ, ചൊവ്വയിലേക്കുള്ള ഹോപ് പേടകത്തിെൻറ ഏഴ് മടങ്ങ് യാത്ര, പിന്നിട്ട് ആദ്യ അറബ് ബഹിരാകാശ ദൗത്യം ഛിന്നഗ്രഹത്തിൽ എത്തിച്ചേരുന്ന ദൗത്യമാണിതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിെൻറ വളർന്നുവരുന്ന ബഹിരാകാശ പദ്ധതികൾക്ക് ഒരു പുതിയ ലക്ഷ്യം രൂപപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ട്വീറ്റ് ചെയ്തു.
യു.എ.ഇ ഭരണനേതൃത്വത്തിെൻറ സാന്നിധ്യത്തിൽ ബഹിരാകാശ ഏജൻസി അധ്യക്ഷയും നൂതന ശാസ്ത്ര സഹമന്ത്രിയുമായ സാറാ അൽ അമീരി പദ്ധതി വിശദീകരിച്ചു. പര്യവേക്ഷണ പേടകം രൂപപ്പെടുത്താൻ ഏഴ് വർഷമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. അഞ്ചുവർഷത്തെ യാത്രയും ഛിന്നഗ്രഹത്തിൽ എത്തിച്ചേരുന്നതിന് ആവശ്യമായി വരും.
ബഹിരാകാശ ഏജൻസിയുടെ ദൗത്യത്തിെൻറ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇമാറാത്തി ബഹിരാകാശ ബിസിനസ് വളർത്തിയെടുക്കുക, കരാറുകളിൽ യു.എ.ഇ കമ്പനികൾക്ക് മുൻഗണന നൽകുക, യുവാക്കളെ പരിശീലിപ്പിക്കുന്നതിന് പ്രോഗ്രാം സംഘടിപ്പിക്കുക, പ്രദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സർവകലാശാലകളെ ദൗത്യത്തിെൻറ ഭാഗമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശുക്രഗ്രഹത്തെയും ഛിന്നഗ്രഹങ്ങളെയും ലക്ഷ്യം വെക്കുന്ന ബഹിരാകാശ ദൗത്യത്തിന് തുടക്കമിടുന്ന അഞ്ചാമത്തെ ലോകരാജ്യമാണ് യു.എ.ഇ. 1997ൽ ആദ്യ വാർത്താവിനിമയ സാറ്റലൈറ്റ് പദ്ധതി ആരംഭിച്ചതോടെയാണ് ഇമാറാത്ത് ബഹിരാകാശ ദൗത്യങ്ങൾക്ക് തുടക്കമിട്ടത്. 2014ലാണ് ചൊവ്വാ ദൗത്യം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.