മലയാളികളടക്കം 1530 തടവുകാർക്ക് യു.എ.ഇയിൽ മോചനം
text_fieldsദുബൈ: ദേശീയ ദിനം പ്രമാണിച്ച് മലയാളികളടക്കം 1530 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശിച്ചു. വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച, മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.
തടവുകാർക്ക് പുനരാലോചന നടത്താനും പുതിയ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം അനുവദിക്കുന്നത്.
എല്ലാ വർഷവും ആഘോഷ ദിനങ്ങളോടനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികൾ തടവുകാരെ മോചിപ്പിക്കാറുണ്ട്.
നിരവധി പ്രവാസികളാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. ചെറിയ കേസുകളിൽപെട്ട് തടവിലായി നാട്ടിൽ പോകാൻ കഴിയാത്തവർക്കും ആശ്വാസമാണ് തീരുമാനം.
മോചനം പ്രഖ്യാപിച്ച് ദുബൈ, ഷാർജ, ഫുജൈറ ഭരണാധികാരികൾ
ദുബൈ: ദുബൈ, ഷാർജ, ഫുജൈറ ഭരണാധികാരികളും തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടു. 1040 തടവുകാരെ വിട്ടയക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശം നൽകി. ഷാർജ എമിറേറ്റിലെ 333, ഫുജൈറയിലെ 153 തടവുകാരെയാണ് ദേശീയ ദിനം പ്രമാണിച്ച് മോചിപ്പിക്കുന്നത്.
ഇതുസംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.