രക്തസാക്ഷികളെ സ്മരിച്ച് രാഷ്ട്രനേതാക്കൾ
text_fieldsദുബൈ: രാജ്യത്തിനായി ജീവൻ നൽകിയ രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ ഇന്ന് അനുസ്മരണ ദിനം ആചരിക്കും. രക്തസാക്ഷികളെ അനുസ്മരിച്ച യു.എ.ഇ രാഷ്ട്രനേതാക്കൾ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഹീറോകളെ ഓർമിക്കണമെന്ന് ആഹ്വാനംചെയ്തു.
രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികളോട് ആദരവ് പ്രകടിപ്പിക്കേണ്ട ദിവസമാണിന്നെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. അവരുടെ ത്യാഗങ്ങൾ വരുംതലമുറകളുടെ ഓർമകളിൽ മായാതെ നിൽക്കുമെന്ന് ഉറപ്പുനൽകുന്നു. രക്തസാക്ഷികളുടെ കുട്ടികളെയും കുടുംബങ്ങളെയും യു.എ.ഇ നേതൃത്വം തുടർന്നും ചേർത്തുപിടിക്കും.
ഈ ദിനം അഭിനന്ദനത്തിന്‍റെയും വിശ്വസ്തതയുടെയും ദിവസം കൂടിയാണ്. നമ്മുടെ വീരന്മാർ പ്രകടമാക്കിയ മഹത്തായ മൂല്യങ്ങളിൽനിന്ന് പഠിക്കാനും കർത്തവ്യങ്ങൾ നിറവേറ്റാനും പുതിയ കഴിവുകൾ നേടാനും രാജ്യത്തെ യുവാക്കളോട് ആഹ്വാനംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയുടെ സായുധസേനകളും സുരക്ഷ വകുപ്പുകളും രാജ്യത്തിന്‍റെ കവചവും സംരക്ഷണവുമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യം, സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കുന്ന പോരാട്ടത്തിൽ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ ത്യാഗം എന്നും സ്മരിക്കപ്പെടുമെന്നും അവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സാദ് ബിൻ സഖ്ർ അൽ ഖാസിമി തുടങ്ങിയവരും രക്തസാക്ഷികളെ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.