അന്താരാഷ്ട്ര കരാട്ടേ സെമിനാറിന് യു.എ.ഇ മലയാളി യു.എസിലേക്ക്
text_fieldsഅബൂദബി: യു.എസിലെ വിർജീനിയ കേന്ദ്രമായി ഇന്റർനാഷനൽ കിബുക്കൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന 15ാമത് ഇന്റർനാഷനൽ കരാട്ടേ സെമിനാറിൽ പങ്കെടുക്കാൻ പ്രവാസി മലയാളിക്ക് ക്ഷണം. കണ്ണൂർ കണ്ണപുരം സ്വദേശി ഷിഹാൻ മുഹമ്മദ് ഫായിസാണ് യു.എ.ഇയെ പ്രതിനിധാനംചെയ്ത്പങ്കെടുക്കുന്നത്.
ആഗസ്റ്റ് ഒന്നു മുതൽ നാലുവരെ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഈമാസം 29ന് അബൂദബിയിൽ നിന്നും വിർജീനിയയിലേക്ക് യാത്ര തിരിക്കും. ഏഷ്യാ ഭൂഖണ്ഡത്തിൽ നിന്നും യു.എ.ഇയും ജപ്പാനും മാത്രമാണ് സെമിനാറിൽ പങ്കെടുക്കുന്നത്. ഇതിൽ യു.എ.ഇയെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നത് ഫായിസാണ്. ഇത് നാലാം തവണയാണ് ഫായിസ് ഇന്റർ നാഷനൽ സെമിനാറിൽ പങ്കെടുക്കുന്നത്.
യു.എ.ഇ പ്രതിനിധിയും ടി.എം.എ ഫൗണ്ടറും ചീഫ് എക്സാമിനറുമാണ് മുഹമ്മദ് ഫായിസ്. ഇതിനുമുമ്പ് മൂന്നുതവണ ജപ്പാനിൽ ഇന്റർനാഷനൽ സെമിനാറിന് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കരാട്ടേയോടുള്ള അഭിനിവേശവും സമർപ്പണവും ആഴത്തിലുള്ള അറിവും കഴിവും കണക്കിലെടുത്ത് ജപ്പാനിലെ ഒക്കിനാവ ഹെഡ്ക്വാർട്ടേഴ്സ് 2019ൽ മുഹമ്മദ് ഫായിസിന് ഷിഹാൻ പദവി നൽകി ആദരിച്ചിരുന്നു.
കരാട്ടേ ജീവിത സപര്യയാക്കിയ മുഹമ്മദ് ഫായിസിന് യു.എ.ഇയിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നൂറുകണക്കിനു ശിഷ്യഗണങ്ങളുണ്ട്. യു.എസിൽനിന്ന് തിരിച്ചെത്തിയശേഷം ആസ്ട്രേലിയൻ പര്യടനത്തിനുള്ള തയാറെടുപ്പുകൾ നടത്താനാണ് തീരുമാനമെന്ന് ഫായിസ് പറഞ്ഞു.
27 വർഷമായി യു.എ.ഇയിൽ പ്രവാസിയായ ഫായിസ് അബൂദബിയിലാണ് താമസം. ഷഫീന മുഹമ്മദ് ഫായിസ് ഭാര്യയാണ്. മക്കൾ: മുഹമ്മദ് ഫഹീം ഫായിസ്, ആയിഷ ഫായിസ്, ഫാരിഹ ഫായിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.