ഷാർജ സൈനിക ആശുപത്രിയിൽ പൊതുജനങ്ങൾക്കും പ്രവേശനം
text_fieldsഷാർജ: എമിറേറ്റിലെ സൈനിക ആശുപത്രിയിൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കാൻ തീരുമാനം. 2025 ജനുവരി മുതൽ പുതിയ സേവനം ലഭ്യമാകും. അൽ ബതായിലെ സായിദ് മിലിറ്ററി ആശുപത്രിയിലാണ് പുതുവർഷം മുതൽ പൊതുജനങ്ങൾക്കും മെഡിക്കൽ സഹായം അനുവദിക്കുന്നത്. സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ പേര് ശൈഖ് സുൽത്താൻ ബിൻ സായിദ് ആശുപത്രിയെന്ന് പുനർനാമകരണം ചെയ്യും.
പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെങ്കിലും സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും നൽകിവരുന്ന എല്ലാ മെഡിക്കൽ സേവനങ്ങൾ തുടർന്നും നൽകും. വടക്കൻ മേഖലകളിലെ ജനങ്ങളുടെ വ്യത്യസ്ത മെഡിക്കൽ ആവശ്യങ്ങൾ അഭിമുഖീകരിക്കാനായി പ്രത്യേക ആരോഗ്യ പ്രോഗ്രാമുകളും ആശുപത്രി രൂപകൽപന ചെയ്തിട്ടുണ്ട്.
ആരോഗ്യ സേവനങ്ങൾ കൂടാതെ വിവിധ വിദ്യാഭ്യാസ പരിപാടികൾ, സമഗ്രമായ ആരോഗ്യ പരിശോധനകൾ എന്നിവയും സംരംഭത്തിൽ ഉൾപ്പെടും. സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും വടക്കൻ മേഖലകളിലെ ജന സമൂഹങ്ങൾക്കും ലോക നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിലെ മിലിറ്ററി ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടറേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടറും മേജർ ജനറലുമായ ഡോ. ആയിഷ സുൽത്താൻ അൽ ദഹ്രി പറഞ്ഞു.
പ്രതിരോധ മന്ത്രാലയവും എം42ഉം തമ്മിലുള്ള പങ്കാളിത്തത്തോടെ ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്നും അവർ പറഞ്ഞു. 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ആശുപത്രിയിൽ 200 കിടക്കകൾ, വിശാലമായ മൾട്ടിസ്പെഷാലിറ്റി ഔട്ട്പേഷ്യന്റ് ഡിപ്പാർട്മെന്റ്, ആറ് ഓപറേഷൻ തിയറ്ററുകൾ, ലബോറട്ടറികൾ, റേഡിയോളജി ഡിപ്പാർട്മെന്റ്, എമർജൻസി കെയർ, തീവ്രപരിചരണ യൂനിറ്റ്, മൾട്ടി പ്രൊസീജർ റൂമുകൾ ഉൾപ്പെടെ ഏറ്റവും മികച്ച മെഡിക്കൽ പരിചരണ സൗകര്യങ്ങളാണുള്ളത്. കൂടാതെ ഫാമിലി, ഇന്റേണൽ മെഡിസിൻ, ഡയബറ്റിസ് മാനേജ്മെന്റ്, എൻഡോക്രൈനോളജി, കാർഡിയോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ്, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി തുടങ്ങിയ സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.