പട്ടിണി തുടച്ചുനീക്കുന്നതിന് ഭക്ഷ്യസംവിധാനങ്ങൾ പരിഷ്കരിക്കണമെന്ന് യു.എ.ഇ മന്ത്രി
text_fieldsദുബൈ: ലോകത്തെ പട്ടിണി ഇല്ലാതാക്കാൻ ആഗോള ഭക്ഷ്യസമ്പ്രദായങ്ങളിൽ പുനഃപരിശോധന ആവശ്യമാണെന്ന് യു.എ.ഇ കാലാവസ്ഥവ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം അൽ മാഹിരി. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഞായറാഴ്ച ആരംഭിച്ച 'ഗൾഫുഡ്-2022'ൽ സംസാരിക്കുകയായിരുന്നു അവർ.
സുരക്ഷിതവും മതിയായതും താങ്ങാനാവുന്നതുമായ ഭക്ഷണം എല്ലാവർക്കും ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ മാറ്റം അനിവാര്യമാണ്. ലോകമെമ്പാടും, ഏകദേശം 80.1കോടി മനുഷ്യർ പട്ടിണി നേരിടുന്നുണ്ട്. സംഘർഷങ്ങൾ, കാലാവസ്ഥ വ്യതിയാനം, മഹാമാരിയുടെ ആഘാതം എന്നിവ കാരണം മൂന്നിൽ ഒരാൾക്ക് മതിയായ ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
ഭക്ഷ്യവിതരണം വർധിപ്പിക്കുന്നതിനും ഭക്ഷ്യക്ഷാമം ഇല്ലാതാക്കുന്നതിനുമുള്ള നയങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നതിന് എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവും വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ സംവിധാനം രൂപപ്പെടുത്തണം -അവർ കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി 'ഫുഡ് ടെക് വാലി' ഉൾപ്പെടെ പദ്ധതികളിൽ വൻതോതിൽ നിക്ഷേപം നടത്തി യു.എ.ഇ മുന്നോട്ട് പോകുകയാണെന്നും
അവർ കൂട്ടിച്ചേർത്തു. വരണ്ട കാലാവസ്ഥയുള്ള യു.എ.ഇ പോലുള്ള സ്ഥലങ്ങളിൽ ഈ രീതി പ്രത്യേകിച്ചും പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.