ഇന്റർനെറ്റ് ചൂഷണം; കുട്ടികളുടെ സുരക്ഷക്ക് ‘എന്റെ സംരക്ഷണം’
text_fieldsഅബൂദബി: കുട്ടികളെ ഓണ്‍ലൈന്‍ ചൂഷണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയം ‘എന്റെ സംരക്ഷണം’(ഹിമായതീ) എന്ന തലക്കെട്ടില്‍ കാമ്പയിൻ ആരംഭിച്ചു. അജ്ഞാതര്‍ ഇന്റര്‍നെറ്റിലൂടെ സൗഹൃദ അഭ്യര്‍ഥനകള്‍ നടത്തി കുട്ടികളെ ചൂഷണത്തിനിരയാക്കുന്നത് തടയുകയാണ് കാമ്പയിന്റെ ലക്ഷ്യം. ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ സൗഹൃദത്തിലാക്കിയ ശേഷം പിന്നീട് ചൂഷണം ചെയ്യാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്.
‘നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിത ഇന്റര്‍നെറ്റിന് വേണ്ടി ഒന്നിക്കാം’ എന്നതാണ് കാമ്പയിന് മുദ്രാവാക്യം. അജ്ഞാതരില്‍നിന്ന് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുതെന്നും അവരെ നേരില്‍ കാണാൻ ശ്രമിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പിൽ പറഞ്ഞു. ഓണ്‍ലൈന്‍ ഉപയോഗത്തില്‍ മാതാപിതാക്കളുടെ മേല്‍നോട്ടം വേണം. ശക്തമായ പാസ് വേഡുകള്‍ ഉപയോഗിക്കാനും ശ്രദ്ധയുണ്ടാകണം. അതോടൊപ്പം ആന്റി വൈറസ് സംരക്ഷണവും ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും കുട്ടികളുടെ ഇ-ഷോപ്പിങ് പ്രവര്‍ത്തനങ്ങള്‍ മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
ചെറിയ കുട്ടികള്‍ക്ക് പാരന്റല്‍ കണ്ട്രോള് ടൂളുകള്‍ ഉപയോഗപ്പെടുത്തി വേണം ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കാനെന്നും അധികൃതർ വിശദീകരിച്ചു. വിദ്യാഭ്യാസ ആവശ്യത്തിനുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന വെബ്സൈറ്റുകളാണെങ്കിലും കുട്ടികളുടെ ഫോട്ടോയും മറ്റ് വ്യക്തിവിവരങ്ങളും ചോദിക്കുന്നുണ്ടെങ്കില്‍ അവ യഥാര്‍ഥമാണോയെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
കുട്ടികളുടെ സംരക്ഷണത്തിനും കുടുംബവുമായുള്ള ആശയവിനിമയത്തിനും സഹായകമാകുന്ന ‘ഹിമായതീ’ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഫാമിലി ആന്‍ഡ് ചില്‍ഡ്രന്‍സ് പ്രോസിക്യൂഷന് ചീഫ് കൗണ്‍സലര്‍ ആലിയ മുഹമ്മദ അല്‍ കാബി, ബനിയാസ് കോളജിലെ ചീഫ് പ്രോസിക്യൂട്ടര്‍ ജനറല്‍ കൗണ്‍സല്‍ കരാമ അല്‍ അമീരി എന്നിവരാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. കാമ്പയിന്റെ ഭാഗമായി രണ്ടു സെഷനുകളിലായി ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഏകദിന ബോധവത്കരണ പരിപാടിയും അധികൃതര്‍ നടത്തിയിരുന്നു.
photo: hemayiti
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.