നിലക്കാതെ ആഘോഷത്തിൽ ഇമാറാത്ത്
text_fieldsദുബൈ: അത്രമേൽ പ്രണയമാണീ നാടിനോടെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിച്ച് 'ഇമാറാത്തിന്റെ ആഘോഷം' നിലക്കാതെ തുടരുകയാണ്. വെള്ളിയാഴ്ച ദേശീയദിന ആഘോഷത്തിന്റെ ഔദ്യോഗിക പരിപാടികൾ അവസാനിച്ചെങ്കിലും എല്ലാ എമിറേറ്റുകളിലും സ്വദേശികളും വിദേശികളും പങ്കെടുക്കുന്ന നിരവധി പരിപാടികളാണ് നടക്കുന്നത്. വിവിധ എമിറേറ്റുകൾ ചേർന്ന് ഐക്യ അറബ് എമിറേറ്റ് എന്ന രാജ്യം രൂപീകരിച്ചതിന്റെ വാർഷികമായ ദേശീയദിനത്തിന് ഇത്തവണ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിദിനമായ ഞായറാഴ്ച കൂടി ചേർന്നതോടെ നാലുദിവസത്തെ അവധിയാണ് ലഭിച്ചത്. ഈ ദിവസങ്ങളിലെല്ലാം തുടർച്ചയായ പരിപാടികളാണ് എല്ലായിടത്തും നടക്കുന്നത്.
ദേശീയദിനം വർണാഭമാക്കുന്നതിൽ യു.എ.ഇ ജനതക്കൊപ്പം ലക്ഷകണക്കിന് പ്രവാസികളും പങ്കുചേരുന്നുണ്ട്. മലയാളി കൂട്ടായ്മകൾ സേവനപ്രവർത്തനങ്ങളും കലാ-സാംസ്കാരിക പരിപാടികളുമായാണ് പ്രധാനമായും രംഗത്തുള്ളത്. കോവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയ സാഹചര്യത്തിലെ ആദ്യ ദേശീയദിനം എന്നതിനാലാണ് ഇത്തവണ ആഘോഷത്തിന് മാറ്റുകൂടിയത്. കരിമരുന്ന് പ്രയോഗങ്ങൾ, സംഗീതകച്ചേരികൾ, കുടുംബ സൗഹൃദ സംഗമങ്ങൾ തുടങ്ങിയ പരിപാടികളിലെല്ലാം ധാരാളം പേരാണ് ഓരേ എമിറേറ്റിലും പങ്കെടുക്കുന്നത്.
അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററി(അഡ്നെക്)ല്‍ 13 വരെ നീളുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്.
വിദ്യാര്‍ഥികളുടെ പരേഡും വരുംതലമുറകളെ പ്രചോദിപ്പിക്കുന്നതിനായി സമുദ്രശാസ്ത്രം, പരിസ്ഥിതി, കൃഷി, ബഹിരാകാശം, ഗതാഗതം, സൗരോര്‍ജം, വിദ്യാഭ്യാസം എന്നീ ഏഴു മേഖലകളില്‍ നല്കിയ സംഭാവനകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.
അബൂദബിയിൽ അൽ മര്യാദ് ദ്വീപിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും വെടിക്കെട്ട് വീക്ഷിക്കാൻ നിരവധിപേരെത്തി. അൽ വത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡ്രോൺ, ലേസർ ഡിസ്പ്ലേകളും കരിമരുന്ന് വിസ്മയവും കൊറിയോഗ്രാഫ് ചെയ്ത എമിറേറ്റ്സ് ഫൗണ്ടൻ ഷോയും നടന്നു.
ദുബൈയിൽ ബുർജ് ഖലീഫയിൽ പ്രത്യേക എൽ.ഇ.ഡി ഡിസ്പ്ലേയാണ് ഇത്തവണ ഒരുക്കിയത്. ക്രീക്ക് ഭാഗത്തെ അൽ സീഫിൽ പരേഡും വാട്ടർഫ്രണ്ട് കരിമരുന്ന് പ്രദർശനങ്ങളും ഒരുക്കി. ഞായറാഴ്ച വരെ ഈ പ്രദേശത്ത് നിരവധി പരിപാടികളുണ്ടാകും. ദുബൈ എക്സ്പോ സിറ്റിയിലും ഗ്ലോബൽ വില്ലേജിലും വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
1971 ഡിസംബർ രണ്ടിന് യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ നേതൃത്വത്തിലാണ് അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ ആറ് എമിറേറ്റുകൾ ചേർന്ന് ഐക്യ എമിറേറ്റ് രൂപീകരിക്കുന്നത്.
അടുത്തവർഷം റാസൽഖൈമ എമിറേറ്റും കൂടി രാജ്യത്തിന്റെ ഭാഗമായി. യു.എ.ഇയുടെ രണ്ടാമത് പ്രസിഡന്റ് ശൈഖ് ഖലീഫയുടെ വിയോഗത്തിന് പിന്നാലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രസിഡന്റായി ചുതമലയേറ്റ ശേഷം നടക്കുന്ന ആദ്യ ദേശീയദിനം എന്ന പ്രത്യേകതകൂടി ഇത്തവണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.