യു.എ.ഇ ദേശീയ ദിനാഘോഷം: 50 പരിപാടികളുമായി ദുബൈ കെ.എം.സി.സി
text_fieldsദുബൈ: പ്രവാസ സമൂഹത്തിെൻറ പോറ്റമ്മയായ യു.എ.ഇയുടെ ദേശീയ സുവര്‍ണ ജൂബിലി ആഘോഷം വിജയിപ്പിക്കേണ്ടത് പ്രവാസികളുടെയും കൂട്ടായ്മകളുടെയും ബാധ്യതയാണെന്ന് ദുബൈ കെ.എം.സി.സി ഉപദേശക സമിതിയംഗവും ചന്ദ്രിക ഡയറക്ടറുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി പറഞ്ഞു. യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന 50ഇന പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ-സാഹിത്യ-കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, അന്താരാഷ്ട്ര സെമിനാര്‍, രക്തസാക്ഷി ദിനാചരണം, വനിതകള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ത പരിപാടികള്‍, രക്തദാന കാമ്പയിന്‍, പൊതുസമ്മേളനം എന്നിവയാണ് പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാസം നീളുന്ന ആഘോഷ പരിപാടികള്‍ ദുബൈയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഒരുക്കുക. ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് ഹുസൈനാര്‍ എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.കെ. ഇസ്മായില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡൻറുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, സെക്രട്ടറിമാരായ കെ.പി.എ. സലാം, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആക്ടിങ് ജനറല്‍സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി സ്വാഗതവും സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.